കോട്ടയം : കെ റെയിൽ വിവാദത്തിൽ സി പി എമ്മിന്റെ അപ്രീതിക്ക് ഇരയായി സ്ഥലം മാറ്റപ്പെട്ട പഞ്ചായത്ത് സെക്രട്ടറിക്ക് അതേ പാർട്ടി ഇടപെട്ട് സ്വന്തം പാർട്ടി ഭരിക്കുന്ന തൊട്ടടുത്ത പഞ്ചായത്തിലേക്ക് വീണ്ടും സ്ഥലം മാറ്റം. വീട് നിർമ്മിക്കുന്നതിന് എത്രയും വേഗം അനുമതി ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് കെ റെയിൽ തഹസീൽദാർക്ക് കത്ത് നൽകി എന്നതിന്റെ പേരിൽ എൻ അരുൺ കുമാർ എന്ന സെക്രട്ടറിയെ പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ നിന്നും സ്ഥലം മാറ്റിയത് കഴിഞ്ഞ മെയ് മാസത്തിലാണ്.
കെ റെയിലിനു വേണ്ടി സ്ഥലമേറ്റെടുക്കുവാൻ വിജ്ഞാപനം ഇറക്കിയ സ്ഥലങ്ങൾ ഉൾപ്പെടുന്ന ജില്ലയിലെ മറ്റ് പല പഞ്ചായത്ത് സെക്രട്ടറിമാരും ഇതേ പോലെ തഹസീൽദാർക്ക് കത്ത് നൽകിയിട്ടും പനച്ചിക്കാട് സെക്രട്ടറിയെ മാത്രം സ്ഥലം മാറ്റിയത് വിവാദമായിരുന്നു. മുളക്കുളം പഞ്ചായത്തിലേക്കായിരുന്നു സ്ഥലം മാറ്റം. പതിനൊന്ന് മാസത്തോളം സെക്രട്ടറിയായിരുന്ന് ഭരണ സമിതി തീരുമാനിച്ച ശ്രദ്ധേയമായ പല പദ്ധതികളും കോൺഗ്രസ് ഭരിക്കുന്ന പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ നടപ്പിലാക്കുവാൻ ഇദ്ദേഹം മുൻകൈ എടുത്തിരുന്നതായി ഭരണ സമിതി അവകാശപ്പെടുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അന്നുമുതലേ ഇദ്ദേഹത്തെ രാഷ്ട്രീയ സ്വാധീനമുപയോഗിച്ച് സ്ഥലം മാറ്റുവാനുള്ള ശ്രമമുണ്ടായിരുന്നു. കൊല്ലാട് നടന്ന സിപിഎമ്മിന്റെ പുതുപ്പള്ളി ഏരിയാ സമ്മേളനത്തിലെ പ്രധാന ചർച്ച അന്നത്തെ സെക്രട്ടറിയായിരുന്ന ഇദ്ദേഹത്തെ സ്ഥലംമാറ്റുക എന്നതായിരുന്നു. കെ റെയിൽ വിവാദത്തിൽ പഞ്ചായത്ത് സെക്രട്ടറിക്കെതിരായ സി പി എമ്മിന്റെ സമരം ഉദ്ഘാടനം ചെയ്തത് പുതുപ്പള്ളി ഏറിയാ സെക്രട്ടറിയാണ്. മുളക്കുളത്ത് നാല് മാസം മാത്രം പിന്നിട്ടപ്പോളാണ് അതേ ഏരിയാകമ്മറ്റി നിയന്ത്രിക്കുന്നതും സി പി എം ഭരിക്കുന്നതുമായ പുതുപ്പള്ളി പഞ്ചായത്തിൽ അരുൺകുമാറിനെ സെക്രട്ടറിയായി നിയമിച്ചിരിക്കുന്നത്.