പത്തനംതിട്ട: സിപിഐ എം പെരിങ്ങര ലോക്കല്‍ സെക്രട്ടറിയും മുന്‍ പഞ്ചായത്ത് അംഗവുമായ പി ബി സന്ദീപ് കുമാറിനെ (36) ആര്‍എസ്എസുകാര്‍ കുത്തിക്കൊന്ന സംഭവത്തില്‍ നാലുപേര്‍ പിടിയില്‍. ജിഷ്ണു, പ്രമോദ്, നന്ദു, കണ്ണൂര്‍ സ്വദേശി ഫൈസല്‍ എന്നിവരാണ് ഇപ്പോള്‍ പൊലീസ് പിടിയിലായിരിക്കുന്നത്. കേസില്‍ ആകെ അഞ്ചു പേരെയാണ് പ്രതിപട്ടികയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വേങ്ങല്‍ സ്വദേശി അഭിയ്ക്കായി തിരച്ചില്‍ തുടരുകയാണെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ പുളിക്കീഴ് സ്റ്റേഷനില്‍ എത്തിച്ച് ചോദ്യം ചെയ്യുന്നു.
കരുവാറ്റയില്‍ നിന്നാണ് ഇവരെ പിടികൂടിയത്.വീട്ടിലേക്ക് ബൈക്കില്‍ പോകുമ്പോള്‍ രണ്ട് ബൈക്കിലെത്തിയ അഞ്ചംഗ സംഘം വഴിയില്‍ തടഞ്ഞാണ് ആക്രമിച്ചത്. നിലതെറ്റി റോഡില്‍ വീണ് എഴുന്നേല്‍ക്കുന്നതിനിടെ കുത്തിവീഴ്ത്തി. നെഞ്ചത്തും പുറത്തുമായി നിരവധി കുത്തേറ്റു. കൈയ്ക്കും കാലിനും വെട്ടുമുണ്ട്. വ്യാഴം രാത്രി എട്ടോടെ വീടിന് അടുത്ത് ചാത്തങ്കേരി എസ്എന്‍ഡിപി ഹൈസ്കൂളിന് സമീപത്തെ കലുങ്കിനടുത്തായിരുന്നു ആക്രമണം. രാഷ്ട്രീയ സംഘര്‍ഷം തീരെയില്ലാത്ത പ്രദേശത്താണ് ആര്‍എസ്എസ് ക്രിമിനല്‍ സംഘത്തിന്റെ ആസൂത്രിത ആക്രമണം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
27 വര്‍ഷത്തിന് ശേഷം പെരിങ്ങര പഞ്ചായത്ത് ഭരണം എല്‍ഡിഎഫ് തിരിച്ചുപിടിച്ചതില്‍ സന്ദീപിന്റെ പങ്ക് നിര്‍ണായകമായിരുന്നു. കുത്തേറ്റ് വീണ സന്ദീപിന്റെ കരച്ചില് കേട്ട് നാട്ടുകാര്‍ ഓടിയെത്തിയപ്പോഴേക്കും അക്രമികള്‍ കടന്നു. ആശുപത്രിയില്‍ എത്തിക്കുമ്പോഴേക്കും മരണം സംഭവിച്ചു. മൃതദേഹം തിരുവല്ലയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍. വെള്ളിയാഴ്ച രാവിലെ പോസ്റ്റ്മോര്‍ട്ടം നടത്തും. ചാത്തങ്കേരി പുത്തന്‍പറമ്പില്‍ ബാലന്റെ മകനാണ്. ഭാര്യ സുനിത. അമ്മ ഓമന. മക്കള്‍: നിഹാല്‍ (മൂന്നര), മൂന്നു മാസം പ്രായമുള്ള പെണ്‍കുട്ടിയുണ്ട്.
സന്ദീപിന്റെ കൊലപാതകത്തില്‍ പ്രതിഷേധിച്ച് ഇന്ന് രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെ തിരുവല്ല നഗരസഭയിലും സമീപ പഞ്ചായത്തുകളിലും ഹര്‍ത്താല്‍ നടത്തുമെന്ന് സിപിഎം ഏരിയ സെക്രട്ടറി ഫ്രാന്‍സിസ് വി.ആന്റണി അറിയിച്ചു. സന്ദിപിന്റെ പോസ്റ്റ്മോര്‍ട്ടം ഇന്ന് കോട്ടയം മെഡിക്കല്‍ കോളജില്‍ നടക്കും.