സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്ത് പോകേണ്ടി വരും ; താക്കീതുമായി കെ സുധാകരൻ

ന്യൂഡല്‍ഹി: സിപിഎം പാര്‍ട്ടി സെമിനാറില്‍ പങ്കെടുത്താല്‍ കെ വി തോമസിന് പാര്‍ട്ടിക്ക് പുറത്തേക്ക് പോകേണ്ടി വരുമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരൻ. വിലക്ക് ലംഘിച്ച്‌ കെ വി തോമസ് സിപിഎം പരിപാടിയില്‍ പങ്കെടുക്കില്ലെന്നാണ് കരുതുന്നത്. തോമസുമായി ഇന്നു രാവിലെയും സംസാരിച്ചിരുന്നതായും സുധാകരന്‍ ഡല്‍ഹിയില്‍ പറഞ്ഞു.

Advertisements

പാര്‍ട്ടിക്ക് പുറത്തേക്ക് പോകാനുള്ള മനസ്സുണ്ടെങ്കിലേ സിപിഎം സെമിനാറില്‍ പങ്കെടുക്കൂ. പുറത്താണെങ്കില്‍ പുറത്ത് എന്ന് തീരുമാനമെടുത്താല്‍ മാത്രമേ ഈ പരിപാടിയില്‍ പങ്കെടുക്കാന്‍ സാധിക്കൂ. ഇല്ലെങ്കില്‍ പങ്കെടുക്കില്ല. കെ വി തോമസിന് അങ്ങനെയൊരു മനസ്സ് ഇല്ലെന്നാണ് തന്റെ തിരിച്ചറിവും ഊഹവുമെന്നും സുധാകരന്‍ പറഞ്ഞു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എം വി ജയരാജന് എന്തും പറയാം. പക്ഷെ കണ്ണൂരിലെ കോണ്‍ഗ്രസുകാര്‍ക്ക് ഒരു വികാരമുണ്ട്. കണ്ണൂരില്‍ സിപിഎം അക്രമത്തില്‍ മരിച്ചു വീണ പാര്‍ട്ടി പ്രവര്‍ത്തകരും സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം നിരവധിയുണ്ട്. മനസ്സ് മുറിഞ്ഞ നിരവധി പ്രവര്‍ത്തകരുണ്ട്. അവരുടെയൊക്കെ വികാരത്തെ ചവിട്ടിമെതിച്ച്‌ ഒരു കോണ്‍ഗ്രസ് നേതാവിന് സിപിഎമ്മിന്റെ പ്ലാറ്റ്‌ഫോമിലേക്ക് കയറിച്ചെല്ലാന്‍ സാധിക്കില്ല.

അതേസമയം കേരളത്തിലല്ല പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാര്‍ നടന്നതെങ്കില്‍ തങ്ങള്‍ ഇത്രയും വാശി പിടിക്കില്ലായിരുന്നുവെന്നും സുധാകരന്‍ പറഞ്ഞു. കേരളത്തില്‍ അത്രയും ഏകാധിപത്യപരമായ, ഫാസിസം നടപ്പാക്കുന്ന ഒരു രാഷ്ട്രീയപ്രസ്ഥാനത്തോട് സന്ധി ചെയ്യാന്‍ കോണ്‍ഗ്രസിനാകില്ലെന്നും കെപിസിസി പ്രസിഡന്റ് കൂട്ടി ചേർത്തു.

എന്നാൽ കെ വി തോമസ് കോണ്‍ഗ്രസ് വിരുദ്ധ നിലപാട് എടുക്കില്ലെന്ന് പ്രതീക്ഷിക്കുന്നതായി പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ പറഞ്ഞു. അദ്ദേഹം പാര്‍ട്ടി അച്ചടക്കത്തിന്റെ ഫ്രെയിമില്‍ നില്‍ക്കുന്നയാളാണ്. കെ വി തോമസ് മാഷ് തന്റെ ഗുരുനാഥന്‍ കൂടിയാണ്. അദ്ദേഹം കോണ്‍ഗ്രസിന് ദോഷകരമായ ഒരു കാര്യവും ചെയ്യില്ല എന്നാണ് തന്റെ വിശ്വാസം. കെ വി തോമസുമായി സംസാരിച്ചിരുന്നു. കോണ്‍ഗ്രസുകാരുടെ ചോര വീണ കണ്ണൂരില്‍ സിപിഎം സെമിനാറില്‍ പങ്കെടുക്കുന്നത് അനുവദിക്കാനുള്ള വിശാല മനസ്സ് ഇല്ലെന്നും വി ഡി സതീശന്‍ പറഞ്ഞു.

Hot Topics

Related Articles