ചാറ്റോഗ്രാം : ബംഗ്ലാദേശിനെതിരായ ടെസ്റ്റ് പരമ്പരയിലെ രണ്ടാം മത്സരത്തിനിടെ ടെസ്റ്റ് ചരിത്രത്തിലെ 48 വർഷം പഴക്കമുള്ള റെക്കോഡ് തകർത്ത് ശ്രീലങ്കൻ ക്രിക്കറ്റ് ടീം.ഒരു ബാറ്റർ പോലും സെഞ്ചുറി നേടാതെ ഒന്നാം ഇന്നിങ്സില്‍ 531 റണ്‍സാണ് ലങ്ക അടിച്ചെടുത്തത്. ടെസ്റ്റ് ചരിത്രത്തില്‍ ഒരു ബാറ്റർ പോലും സെഞ്ചുറി നേടാതെ ഒരു ടീം നേടുന്ന ഏറ്റവും ഉയർന്ന സ്കോർ എന്ന റെക്കോഡാണ് ലങ്ക സ്വന്തമാക്കിയത്.
ആറു താരങ്ങളാണ് ലങ്കൻ നിരയില്‍ അർധ സെഞ്ചുറി തികച്ചത്. പക്ഷേ ഒരാള്‍ക്കുപോലും അത് സെഞ്ചുറിയിലെത്തിക്കാനായില്ല. നിഷാൻ മധുശങ്ക (57), ദിമുത് കരുണരത്നെ (86), കുശാല്‍ മെൻഡിസ് (93), ദിനേശ് ചണ്ഡിമല്‍ (59), ക്യാപ്റ്റൻ ധനഞ്ജയ ഡിസില്‍വ (70), കാമിൻഡു മെൻഡിസ് (92) എന്നിവരാണ് ലങ്കയുടെ പ്രധാന സ്കോറർമാർ.1976-ല്‍ കാണ്‍പുരില്‍ ന്യൂസീലൻഡിനെതിരേ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ 524 റണ്‍സെടുത്ത ഇന്ത്യ, ഇക്കാലമത്രയും കൈവശം വെച്ചിരുന്ന റെക്കോഡാണ് ലങ്ക 48 വർഷങ്ങള്‍ക്ക് ശേഷം ഇപ്പോള്‍ മറികടന്നിരിക്കുന്നത്.