ന്യൂഡൽഹി: ഇന്ത്യൻ പ്രീമിയർ ലീഗിൽ ഡൽഹി ക്യാപിറ്റൽസിനോട് പരാജയപ്പെട്ടിരിക്കുകയാണ് മുംബൈ ഇന്ത്യൻസ്. ആവേശപ്പോരാട്ടത്തിൽ 10 റൺസിനാണ് മുംബൈയുടെ പരാജയം. ഡൽഹി വിജയത്തിൽ നിർണായകമായ റൺസുകൾ അടിച്ചുകൂട്ടിയത് പവർപ്ലേയിലാണ്. അതിനിടയിൽ ഡൽഹിക്ക് അഞ്ച് റൺസ് വെറുതെ ലഭിച്ചു. ഇഷാൻ കിഷന്റെ കടുത്ത അലസതയാണ് അഞ്ച് റൺസിന് വഴിവെച്ചത്. ഹാർദ്ദിക്ക് പാണ്ഡ്യയുടെ പന്ത് നേരിട്ടത് അഭിഷേക് പോറലായിരുന്നു. മിഡ് ഓഫിലേക്ക് തട്ടിയിട്ട താരം ഒരു റൺസിനായി ഓടി. പന്ത് മുഹമ്മദ് നബിയുടെ കൈകളിലേക്കെത്തി. വിക്കറ്റ് കീപ്പറിന്റെ വശത്തേയ്ക്ക് നബി പന്തെറിഞ്ഞു നൽകി. എന്നാൽ അവിടെ ഉണ്ടായിരുന്ന ഇഷാൻ കിഷൻ പന്ത് പിടിക്കാൻ ശ്രമിച്ചതുപോലുമില്ല.സ്റ്റമ്പിൽ പന്ത് കൊള്ളുമെന്ന് കരുതിയാവും ഇഷാൻ പന്ത് പിടിക്കാതിരുന്നത്. എന്തായാലും സംഭവം കലാശിച്ചത് ഡൽഹിക്ക് വെറുതെ അഞ്ച് റൺസ് ലഭിച്ചാണ്. ഓരോ റൺസും വിലയേറിയ ഐപിഎൽ മത്സരങ്ങളിലാണ് ഇഷാൻ കിഷന്റെ അലസതയുണ്ടായിരിക്കുന്നത്.