കോട്ടയം: നടിയെ ആക്രമിച്ച കേസുമായി ബന്ധപ്പെട്ട് തന്റെ വീട്ടില്‍ ക്രൈംബ്രാഞ്ച് നടത്തിയ റെയ്ഡിനെതിരേ പി.സി.
ജോര്‍ജ്. മുഖ്യമന്ത്രി പിണറായി വിജയനെതിരായ കള്ളക്കടത്ത് വിവരങ്ങള്‍ വല്ലതുമുണ്ടോ എന്ന് പരിശോധിക്കാനാണ് റെയ്ഡ് നടത്തിയതെന്നാണ് പി.സി. ജോര്‍ജ് ആരോപിക്കുന്നത്. പരിശോധനയില്‍ ഒന്നും കിട്ടാതായതോടെ കുട്ടികളുടെ ടാബ്ലറ്റ് വേണമെന്ന് പറഞ്ഞ പോലീസിന്റേത് നല്ല ഉദ്ദേശമല്ലെന്നും ജോര്‍ജ് പറഞ്ഞു. നടിയെ ആക്രമിച്ച കേസില്‍ ദിലീപിനെതിരെ ഗൂഢാലോചന നടക്കുന്നു എന്ന വ്യാജപ്രചരണത്തിന്റെ ഭാഗമായി സ്‌ക്രീന്‍ ഷോട്ടുകള്‍ സൃഷ്ടിച്ച സംഭവത്തിലാണ് ഷോണ്‍ ജോര്‍ജിന്റെ വീട്ടില്‍ റെയ്ഡ് നടത്തിയത്.
രാവിലെ ഏഴുമണിയോടെ ക്രൈംബ്രാഞ്ചിന്റെ രണ്ട് വണ്ടി പൊലീസുകാര്‍ വന്നു. അവര്‍ ആവശ്യപ്പെട്ട ഫോണ്‍ നഷ്ടപ്പെട്ടു എന്ന് കാണിച്ച് ഷോണ്‍ 2019ല്‍ തന്നെ കോട്ടയം എസ്പിക്ക് പരാതി നല്‍കിയിട്ടുള്ളതാണ്. പരിശോധനയുമായി സഹകരിച്ചു, അവസാനം ഒന്നും കിട്ടാതായതോടെ മകന്റെ ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടിയുടെ ടാബ്ലറ്റ് വരെ വേണമെന്ന് പറഞ്ഞു. അത് എന്തിനാണ്? ഒന്നാം ക്ലാസില്‍ പഠിക്കുന്ന കുട്ടികളുടെ ടാബ് വേണമെന്ന് പറഞ്ഞ് വഴക്കുണ്ടാക്കിയാല്‍ അത് നാണം കെട്ട പരിപാടിയാണ്. പിണറായിയുടെ കള്ളക്കടത്തു കേസുമായി ബന്ധപ്പെട്ട വിവരങ്ങള്‍ക്കാണ് റെയ്ഡ്. ആ കടലാസുകളൊക്കെ എന്റെ കയ്യിലുണ്ട് അത് കൊടുക്കാന്‍ ഉദ്ദേശിക്കുന്നുമില്ലെന്നും പി.സി.ജോര്‍ജ്.