തിരുവനന്തപുരം:പുരയിടം നികത്താൻ എത്തിയ മണ്ണ് മാഫിയയിൽ നിന്നും സിപിഎം പ്രാദേശിക നേതാവ് കൈക്കൂലി ആവശ്യപ്പെടുന്ന ദൃശ്യങ്ങൾ പുറത്തുവന്നു. ചാല ഏരിയാ കമ്മിറ്റിക്ക് കീഴിലുള്ള കുളത്തറ ബ്രാഞ്ച് സെക്രട്ടറി എ. രാജ്കുമാറാണ് വിവാദത്തിന്റെ കേന്ദ്രകഥാപാത്രം. രാജ്കുമാർ മണ്ണ് മാഫിയയിൽ നിന്നും 30,000 രൂപ കൈപ്പറ്റുന്നതും, അത് മതിയാകില്ലെന്ന് പറഞ്ഞ് അരലക്ഷം രൂപ വേണമെന്നാവശ്യപ്പെടുന്നതും വ്യക്തമാണ്. പിന്നീട് 30,000 രൂപ തിരിച്ചുനൽകുന്നതും ദൃശ്യങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്.സംഭവം കരമനയ്ക്കടുത്താണ് നടന്നത്. പുരയിടം നികത്താനെത്തിയ മണ്ണ് മാഫിയാംഗങ്ങളുടെ വാഹനം തടഞ്ഞ ശേഷമാണ് കൈക്കൂലി ആവശ്യപ്പെട്ടത്. തുടർന്ന്, കാലടിയിലെ ഒരു ഫർണിച്ചർ കടയിൽ ഇരുന്ന് രാജ്കുമാർ നേരിട്ട് സംസാരിക്കുന്നതിന്റെ ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്.പണം ആവശ്യപ്പെട്ടപ്പോൾ ‘പാവപ്പെട്ട കുടുംബത്തിലെ കല്യാണത്തിനായാണ്’ എന്ന് പറഞ്ഞതായും ദൃശ്യങ്ങളിൽ നിന്ന് വ്യക്തമാകുന്നു.സംഭവം പുറത്തുവന്നതോടെ സിപിഎം പ്രാദേശിക നേതൃത്വത്തെക്കുറിച്ചും പാർട്ടി പ്രവർത്തനരീതികളെക്കുറിച്ചും വീണ്ടും ചോദ്യങ്ങൾ ഉയരുകയാണ്.
പുരയിടം നിരപ്പാക്കാൻ കൈക്കൂലി ആവശ്യപ്പെട്ട സിപിഎം നേതാവിന്റെ ദൃശ്യങ്ങൾ പുറത്ത്
