സിബിൽ റിപ്പോർട്ടിൽ തെറ്റായ വിവരം നൽകിയ എസ്.ബി.ഐ 50,000/- രൂപ നഷ്ടപരിഹാരം നൽകണമെന്ന ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷൻ

കോട്ടയം: സിബിൽ റിപ്പോർട്ടിൽ തെറ്റായ വിവരം നൽകിയതിനെത്തുടർന്നു വായ്പ നിഷേധിച്ചുവെന്ന പരാതിയിൽ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയുടെ പൂജപ്പുര, കറുകച്ചാൽ ശാഖകൾ 50,000 രൂപ നഷ്ടപരിഹാരവും കോടതിച്ചെലവും നൽകണമെന്ന് ഉത്തരവിട്ടു ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷൻ. കോട്ടയം ചമ്പക്കര സ്വദേശിയായ റോബിൻ ജോസഫ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ്. ഇസാഫ് ബാങ്കിൽ റോബിൻ വായ്പയ്ക്ക് അപേക്ഷിക്കുകയും ക്രെഡിറ്റ് റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വായ്പ അപേക്ഷ നിരസിക്കപ്പെടുകയും ചെയ്തു. റോബിന്റെ ക്രഡിറ്റ് റിപ്പോർട്ട് ആയി റൂബിൻ ജോസഫ് എന്ന് പേരുള്ള മറ്റൊരു വ്യക്തിയുടെ ക്രഡിറ്റ് റിപ്പോർട്ടാണ് എസ്.ബി.ഐ ക്രെഡിറ്റ് റേറ്റിങ് ഏജൻസിക്കു നൽകിയത്. ബാങ്ക് നൽകിയ തെറ്റായ വിവരങ്ങൾ മൂലമാണ് റോബിന്റെ പേരിലുളള സിബിൽ സ്‌കോറിൽ വ്യത്യാസം വരുകയും വായ്പ നിരസിക്കപ്പെടുകയും ചെയ്തത്. റോബിൻ എസ്.ബി.ഐ. കറുകച്ചാൽ ശാഖ മാനേജരെ സമീപിക്കുകയും സിബിൽ റിപ്പോർട്ട് പരിശോധിച്ചതിന്റെ അടിസ്ഥാനത്തിൽ 2004 മുതലുള്ള ദീർഘകാല വായ്പ എടുത്തതായി റിപ്പോർട്ടിൽ കാണിക്കുകയും ചെയ്തതായി കണ്ടെത്തി. എന്നാൽ ആ സമയത്ത് അഞ്ചാം ക്ലാസ്സിൽ പഠിക്കുകയായിരുന്നെന്നും വായ്പയൊന്നും എടുത്തിരിക്കാൻ കഴിയില്ലെന്നും റോബിൻ വ്യക്തമാക്കി. പരാതിക്കാരൻ പല തവണ ബന്ധപ്പെട്ടിട്ടും അനുകൂല നടപടി ബാങ്കിന്റെ ഭാഗത്ത് നിന്നുണ്ടായില്ല. തുടർന്നാണ് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മീഷനെ പരാതിക്കാരൻ സമീപിച്ചത്. തുടർന്നു നടത്തിയ വിശദമായ പരിശോധനയിലാണ് ബാങ്കിന്റെ ഭാഗത്തുനിന്നുമുള്ള തെറ്റായ വിവര കൈമാറ്റം കണ്ടെത്തിയത്. നഷ്ടപരിഹാരമായി ഇരുബ്രാഞ്ചും 50,000 രൂപയും 5000 രൂപ വ്യവഹാര ചെലവായും നൽകണമെന്ന് അഡ്വ. വി.എസ്. മനുലാൽ പ്രസിഡന്റും, ആർ. ബിന്ദു, കെ.എം. ആന്റോ എന്നിവർ അംഗങ്ങളുമായിട്ടുള്ള ജില്ലാ ഉപഭോക്തൃതർക്ക പരിഹാര കമ്മീഷൻ ഉത്തരവിട്ടു.

Advertisements

Hot Topics

Related Articles