തിരുവനന്തപുരം :നെയ്യാർ മണൽ ഖനനത്തിനെതിരെ ഒറ്റയാൾ പോരാട്ടം നടത്തിയ ഡാളിയമ്മൂമ്മ (90) അന്തരിച്ചു.
ജില്ലാ പഞ്ചായത്തിന്റെ അണ്ടൂർക്കോണത്തെ വയോജന കേന്ദ്രത്തിൽ വച്ചായിരുന്നു അന്ത്യം. കൈയിൽ വെട്ടുകത്തിയുമായി നെയ്യാറിലെ മണൽമാഫിയക്കെതിരെ ഡാളിയമ്മൂമ്മ ഒറ്റക്ക് നടത്തിയത് വേറിട്ട അസാധാരണ പോരാട്ടമായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
നെയ്യാറിലെ ഓലത്താന്നി പാതിരിശ്ശേരിക്കടവിലായിരുന്നു താമസം. സമീപത്തെ സ്ഥലങ്ങളെല്ലാം മണൽമാഫിയ സംഘം വിലക്ക് വാങ്ങി കുഴിച്ചെടുത്തപ്പോൾ അമ്മൂമ്മ മാത്രം സ്ഥലം വിട്ടുകൊടുത്തില്ല. ചുറ്റുപാടുള്ള സ്ഥലങ്ങളെല്ലാം വെള്ളത്തിനടിയിലായിട്ടും ഒറ്റത്തുരുത്തിലെ വീട്ടിൽ ഏകയായി ധൈര്യത്തോടെ നിലകൊണ്ടു ഡാളിയമ്മൂമ്മ.
ഐക്യദാർഡ്യവുമായി സിനിമാതാരങ്ങളടക്കം നേരിട്ടെത്തിയിരുന്നു. ഇതിനിടെ വെള്ളപ്പൊക്കത്തിൽ വീടു തകർന്നപ്പോൾ കൈത്താങ്ങായി സുമനസ്സുകളെത്തി. പ്രയാധിക്യം മൂലം അവശയായ അമ്മുമ്മയെ ഒരു വർഷം മുമ്പാണ് ജില്ലാ പഞ്ചായത്ത് ഏറ്റെടുത്ത് സംരക്ഷണ കേന്ദ്രത്തിലേക്ക് മാറ്റിയത്.
നോക്കാൻ ബന്ധുക്കളുമുണ്ടായിരുന്നില്ല.
മനക്കരുത്തുണ്ടെങ്കിൽ ഏത് മാഫിയയെയും മുട്ടുക്കുത്തിക്കാമെന്ന് കാണിച്ചാണ് പ്രകൃതി സ്നേഹികൂടിയായ ഡാളിയമ്മൂമ്മയുടെ വിടവാങ്ങൽ.