കോട്ടയം: എ.കെ.ജി സെന്റിനു നേരെയുണ്ടായ ആക്രമണത്തിനു പിന്നാലെ കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയ ഡിവൈഎഫ്ഐ പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസ് ആക്രമിച്ച സംഭവത്തിൽ അഞ്ചു പേർ അറസ്റ്റിൽ.
ഡിവൈഎഫ്ഐ ബ്ലോക്ക് സെക്രട്ടറി പ്രവീൺ തമ്പി, ബ്ലോക്ക് ജോ.സെക്രട്ടറി കെ.മിഥുൻ (അമ്പിളി) , ഡിവൈഎഫ്ഐ ബ്ലോക്ക് കമ്മറ്റിയംഗം വിഷ്ണു ഗോപാൽ , ഭാരവാഹികളായ അരുൺകുമാർ, വിഷ്ണു രാജേന്ദ്രൻ എന്നിവരെയാണ് കോട്ടയം വെസ്റ്റ് പൊലീസ് അറസ്റ്റ് ചെയ്തത്. അന്വേഷണ ഉദ്യോഗസ്ഥനായ കോട്ടയം വെസ്റ്റ് സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ അനൂപ് കൃഷ്ണയുടെ മുന്നിൽ ഹാജരായ പ്രതികളെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കും.
കഴിഞ്ഞ ദിവസം എ.കെ.ജി സെന്ററിനു നേരെയുണ്ടായ ബോംബാക്രമണത്തിൽ പ്രതിഷേധിച്ചാണ് ഡിവൈഎഫ്ഐ പ്രവർത്തകർ കോട്ടയം നഗരത്തിൽ പ്രകടനം നടത്തിയത്. ആക്രമണം നടത്തിയ പ്രവർത്തകർക്കെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് പൊലീസ് കേസെടുത്തത്. പ്രകടനമായി എത്തിയ എസ്.എഫ്.ഐ പ്രവർത്തകർ ജില്ലാ കോൺഗ്രസ് കമ്മിറ്റി ഓഫിസിനു മുന്നിൽ കാവൽ നിന്ന പൊലീസ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിലാണ് കല്ലേറും തീപ്പന്തമേറും നടത്തിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആക്രമണം നടന്ന് മൂന്നു ദിവസം കഴിഞ്ഞിട്ടും ഡിവൈഎഫ്ഐ പ്രവർത്തകരെ അറസ്റ്റ് ചെയ്യാത്തതിനെതിരെ കടുത്ത വിമർശനങ്ങൾ ഉയർന്നിരുന്നു. ഇതിനു പിന്നാലെയാണ് ഇപ്പോൾ പ്രവർത്തകരെ അറസ്റ്റ് ചെയ്തത്. പ്രതികളായ പ്രവർത്തകരെ ഉച്ചയോടെ കോടതിയിൽ ഹാജരാക്കുമെന്നു പൊലീസ് അറിയിച്ചു. ഇവർക്കെല്ലാമെതിരെ ജാമ്യമില്ലാത്ത വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.