ഹൈദരാബാദ് :രണ്ടുവയസുകാരിയെ ക്രൂരമായി കൊന്നു കുഴിച്ചുമൂടിയ സംഭവത്തിൽ അമ്മയും കാമുകനും പൊലീസ് പിടിയിൽ. തെലങ്കാനയിലെ ശിവംപേട്ട് മണ്ഡലത്തിലെ ശാബാസ്പള്ളി പ്രദേശത്താണ് സംഭവം.23 കാരിയായ മംമ്തയും കാമുകൻ ഷെയ്ഖ് ഫയാസും ചേർന്നാണ് മകളെ കൊലപ്പെടുത്തിയത്. കുഞ്ഞിന്റെ കരച്ചിൽ കാമുകനുമായുള്ള ലൈംഗികബന്ധത്തിന് തടസമായതോടെ, ജൂൺ 4-നാണ് യുവതി സ്വന്തം മകളെ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തിയത്. തുടർന്ന് അഴുക്ക് ചാലിന് സമീപം മൃതദേഹം കുഴിച്ചുമൂടുകയായിരുന്നു.അമ്മയുടെ വീട്ടിലേക്കെന്ന് പറഞ്ഞാണ് മംമ്ത കുഞ്ഞിനൊപ്പം വീട്ടിൽ നിന്നിറങ്ങിയത്. എന്നാൽ പിന്നീട് ഇവരെ കുറിച്ച് വിവരമൊന്നും ലഭിച്ചില്ല. ഇതോടെ ഭർത്താവായ കോടല രാജു മെയ് 27-ന് പൊലീസിൽ പരാതി നൽകി.
ഭാര്യയേയും മകളേയും കാണാനില്ലെന്നും ഫോണിൽ ബന്ധപ്പെടാൻ സാധിക്കുന്നില്ലെന്നും ആയിരുന്നു പരാതി.വിവിധ സ്ഥലങ്ങളിൽ നടത്തിയ അന്വേഷണങ്ങൾക്കും ഫോൺ ട്രേസ് ചെയ്യാനുള്ള ശ്രമങ്ങൾക്കും ഫലമുണ്ടായില്ല. എന്നാൽ സെപ്റ്റംബർ ആദ്യ വാരത്തിൽ ആന്ധ്രപ്രദേശിലെ നരസരോപേട്ടയിൽ പൊലീസ് ക്യാമറയിൽ മംമ്തയും ഫയാസും ഒരുമിച്ച് സഞ്ചരിക്കുന്ന ദൃശ്യങ്ങൾ കിട്ടി. പിന്നാലെ സെപ്റ്റംബർ 11-ന് ഇരുവരെയും നാട്ടിലേക്ക് കൊണ്ടുവന്ന് ചോദ്യം ചെയ്യുകയായിരുന്നു. ചോദ്യം ചെയ്യലിനിടെ തന്നെയാണ് സ്വന്തം മകളെ കൊലപ്പെടുത്തിയ കാര്യം യുവതി വെളിപ്പെടുത്തിയത്.