തൊടുപുഴ: ഇടുക്കി ഉടുബന്നൂർ മനയ്ക്കത്തണ്ടിലെ വാടക വീട്ടില്‍ യുവതിയേയും യുവാവിനെയും മരിച്ച നിലയില്‍ കണ്ടെത്തിയ സംഭവം ആത്മഹത്യയാണെന്ന് പൊലീസ്.പാറത്തോട് സ്വദേശിനി ഇഞ്ച പ്ലാക്കല്‍ വീട്ടില്‍ മീനാക്ഷി (20), മണിയനാനിക്കല്‍ വീട്ടില്‍ ശിവഘോഷ് (20) എന്നിവരാണ് മരിച്ചത്.
ഇരുവരും പ്രണയത്തിലായിരുന്നുവെന്നും, തമ്മിലുള്ള തര്‍ക്കത്തിനിടെയാണ് ദുരന്തം സംഭവിച്ചതെന്നും അന്വേഷണ സംഘത്തിന്റെ കണ്ടെത്തലാണ്.തർക്കത്തിനിടെ മീനാക്ഷി കിടപ്പുമുറിയിലേക്ക് ചെന്നു വാതിലടച്ചു. തുടര്‍ന്ന് ശുചിമുറിയിലെ ജനലില്‍ ഷാള്‍ കുരുക്കി ജീവനൊടുക്കുകയായിരുന്നു. വാതില്‍ തകര്‍ത്ത് അകത്തുകയറിയ ശിവഘോഷ്, മീനാക്ഷിയെ രക്ഷിക്കാന്‍ ശ്രമിച്ചെങ്കിലും ജീവന്‍ നിലനിര്‍ത്താനായില്ല. തുടര്‍ന്ന് യുവാവും തൊട്ടടുത്ത മുറിയിലെ ഫാനില്‍ ഷാള്‍ കുരുക്കി ആത്മഹത്യ ചെയ്തു.വെള്ളിയാഴ്ച ഉച്ചയോടെയായിരുന്നു സംഭവം.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ശിവഘോഷിനെ കാണാനെത്തിയ സുഹൃത്ത് ആദർശാണ് ആദ്യം യുവാവിനെ തൂങ്ങിയ നിലയില്‍ കണ്ടെത്തിയത്. ഉടൻ തുണി മുറിച്ച് താഴെയിറക്കി മുതലക്കോടത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പിന്നീടാണ് മീനാക്ഷിയുടെ മൃതദേഹം കണ്ടെത്തിയത്.ശിവഘോഷ് വാഴക്കുളത്തെ സ്വകാര്യ എൻജിനിയറിംഗ് കോളേജില്‍ ഫുഡ് ടെക്‌നോളജി നാലാം വർഷ വിദ്യാർത്ഥിയായിരുന്നു. മീനാക്ഷി മൂവാറ്റുപുഴയിലെ സ്വകാര്യ കോളേജില്‍ ടി.ടി.സി പഠനം നടത്തി വരികയായിരുന്നു.സംഭവസമയത്ത് വീട്ടില്‍ ഇരുവരും മാത്രമേ ഉണ്ടായിരുന്നുള്ളു. ശിവഘോഷിന്റെ അച്ഛനും അമ്മയും ജോലിയിലേക്കും സഹോദരി സ്കൂളിലേക്കും പോയിരുന്നു.
കഴിഞ്ഞ ചില ദിവസങ്ങളായി ഇരുവരും തമ്മില്‍ തര്‍ക്കം നിലനിന്നിരുന്നതായും പൊലീസ് അറിയിച്ചു.ശിവഘോഷിന്റെ പോസ്റ്റുമോർട്ടം തൊടുപുഴ ജില്ലാ ആശുപത്രിയില്‍ പൂർത്തിയാക്കി മൃതദേഹം കൊന്നത്തടിയിലെ വീട്ടുവളപ്പില്‍ സംസ്കരിച്ചു. മീനാക്ഷിയുടെ പോസ്റ്റുമോർട്ടം ഇടുക്കി മെഡിക്കല്‍ കോളേജില്‍ നടത്തി, മൃതദേഹം പാറത്തോട് വീട്ടുവളപ്പില്‍ സംസ്കരിച്ചു.