കോട്ടയം : നായ വളർത്തലിന്റെ മറവിൽ 18 കിലോ കഞ്ചാവ് സൂക്ഷിച്ച കേന്ദ്രത്തിൽ ഇതുവരെ പൊലീസോ എക്സൈസോ കയറാതിരുന്നത് നായ ഭീഷണിയെ തുടർന്ന്. മുൻപ് രണ്ട് തവണ എകസൈസ് സംഘം സ്ഥലത്ത് പരിശോധനയ്ക്ക് എത്തിയെങ്കിലും പ്രതി നായയെ അയച്ചു വിട്ട് രക്ഷപെടുകയായിരുന്നു. പ്രതിയായ പാറമ്പുഴ സ്വദേശി റോബിൻ ജോർജിന്റെ വീട്ടിൽ നിന്നും ഗാന്ധിനഗർ പൊലീസും ജില്ലാ ലഹരി വിരുദ്ധ സ്ക്വാഡും ചേർന്ന് സാഹസികമായാണ് കഞ്ചാവ് പിടികൂടിയത്.
കഴിഞ്ഞ ദിവസം പൊലീസ് പരിശോധന നടത്തുന്നതിനു മുൻപ് മാസങ്ങൾക്ക് മുൻപ് എക്സൈസ് സംഘം ഇവിടെ പരിശോധന നടത്തിയിരുന്നു. ഇവിടെ എക്സൈസ് സംഘം എത്തിയപ്പോൾ തന്നെ നായ്ക്കളെ അഴിച്ചു വിട്ട് റോബിൻ ജോർജ് എക്സൈസ് സംഘത്തെ വിരട്ടിയോടിച്ചിരുന്നു. ഇതേ തുടർന്ന് എക്സൈസ് സംഘം മടങ്ങിപ്പോകുകയായിരുന്നു.