കോട്ടയം: ദേവമാതാ ബസിലെ ജീവനക്കാർ ഇന്നലെ ഉച്ചയ്ക്ക് ശരിക്കും ദൈവങ്ങളായി മാറി. പൊൻകുന്നം സ്വദേശിയായ കിഷോറിനും ഇന്ദുവിനും മകൾ ദക്ഷയ്ക്കും മുന്നിലാണ് ഒരു ബസിലെ ജീവനക്കാർ ദൈവങ്ങളായി അവതരിച്ചത്..! കോട്ടയം – എറ്റുമാനൂർ – മെഡിക്കൽ കോളേജ് കുറുപ്പന്തറ റൂട്ടിൽ സർവീസ് നടത്തുന്ന ദേവമാതാ ബസിലെ ജീവനക്കാരുടെ കൃത്യ സമയത്തുള്ള ഇടപെടലാണ് ഒരു വയസുകാരിയുടെ ജീവൻ രക്ഷിച്ചത്.
ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയായിരുന്നു സംഭവം. മെഡിക്കൽ കോളേജ് ഡന്റൽ കോളേജിൽ പോയി മടങ്ങി വരികയായിരുന്നു പൊൻകുന്നം സ്വദേശി കിഷോറും കുടുംബവും. നാഗമ്പടം ഭാഗത്ത് ബസ് എത്തിയപ്പോൾ കിഷോർ ബസിൽ നിന്നും ഇറങ്ങുന്നതിനായി ബസിനുള്ളിൽ എഴുന്നേറ്റു നിന്നു. ഈ സമയത്താണ് ബസിന്റെ മുന്നിലുണ്ടായിരുന്ന ഭാര്യ ഇന്ദു, മകൾ ദക്ഷയ്ക്ക് അനക്കമില്ലെന്ന് കിഷോറിനോട് പറയുന്നത്. ഇതോടെ കിഷോർ കുട്ടിയെ എടുക്കുകയും ശരീരത്തിൽ തട്ടുകയും തിരുമുകയും ചെയ്തു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, കുട്ടി പൂർവ സ്ഥിതിയിലായില്ല. ഇവരുടെ അവസ്ഥ മനസിലാക്കിയ ബസ് ജീവനക്കാർ കൃത്യ സമയത്ത് ഇടപെട്ടു. ബസിനുള്ളിലുണ്ടായിരുന്ന മെഡിക്കൽ കോളേജ് ആശുപത്രിയിലെ രണ്ട് നഴ്‌സുമാർ കൂടി അതിവേഗം കുട്ടിയെ കയ്യിലെടുത്ത് പരിശോധിച്ചു. അപകട സ്ഥിതി മനസിലാക്കിയ ഡ്രൈവർ ബിജുക്കുട്ടനും കണ്ടക്ടർ ശരത്തും മറ്റൊന്നും നോക്കിയ വൺവേയെല്ലാം തെറ്റിച്ച് അതിവേഗം ജില്ലാ ആശുപത്രിയിലേയ്ക്കു ബസുമായി കുതിച്ചു. ആശുപത്രിയിൽ എത്തിയ ശേഷം ബസ് ജീവനക്കാരും യാത്രക്കാരും കുട്ടിയ്ക്കും മാതാപിതാക്കൾക്കും ഒപ്പം അത്യാഹിത വിഭാഗത്തിയേക്കു പ്രവേശിക്കുകയും ചെയ്തു.
കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിൽ പ്രാഥമിക ചികിത്സ നൽകിയ ശേഷം കുട്ടിയെ കുട്ടികളുടെ ആശുപത്രിയിലേയ്ക്ക് അയച്ചു. ഇവിടെ പരിശോധനയും ചികിത്സയും പൂർത്തിയാക്കി ദക്ഷ വീട്ടിലേയ്ക്കു മടങ്ങി. ഇന്നു രാവിലെ ബസ് ജീവനക്കാരെ ദക്ഷയുടെ മാതാപിതാക്കൾ വിളിച്ച് നന്ദി പറയുകയും ചെയ്തു.