ശരീരത്തിൻറെ ആരോഗ്യം പോലെ തന്നെ പ്രധാനമാണ് ചർമ്മത്തിൻറെ ആരോഗ്യവും. കാലാവസ്ഥ മാറുമ്പോൾ ചർമ്മ സംരക്ഷണം എന്നത് അത്ര എളുപ്പമുള്ള കാര്യമല്ല. ചർമ്മത്തിന് തിളക്കവും ആരോഗ്യവും നിലനിർത്താനായി ബോഡി ലോഷനുകളും ക്രീമുകളും അങ്ങനെ സൗന്ദര്യ സംരക്ഷണത്തിന് വേണ്ട എല്ലാ കാര്യങ്ങളും ചെയ്യുന്നവരുണ്ട്. എന്നാൽ ചർമ്മത്തിൻറെ ആരോഗ്യത്തിന് ഭക്ഷണക്രമത്തിലും ഒരൽപ്പം ശ്രദ്ധ നൽകുന്നത് നല്ലതാണ്.
പോഷകഗുണമുള്ള ഭക്ഷണങ്ങൾ ചർമ്മത്തെ ആരോഗ്യത്തോടെ സംരക്ഷിക്കും. കാലാവസ്ഥ മാറ്റങ്ങൾക്കിടെ ചർമ്മ സൗന്ദര്യം നിലനിർത്താൻ ഡയറ്റിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം…
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
1) ശരീരത്തിന് എന്ന പോലെ തന്നെ ചർമ്മത്തിനും വളരെ അത്യാവശ്യമായ കാര്യമാണ് വെള്ളം. വെള്ളം ധാരാളം കുടിക്കുന്നത് ആരോഗ്യത്തിനും ചർമ്മത്തിനും ഗുണം ചെയ്യും. ദിവസവും കുറഞ്ഞത് രണ്ട് ലിറ്റർ വെള്ളം എങ്കിലും കുടിക്കണം. ഇത് ശരീരത്തിലെ മാലിന്യങ്ങൾ നീക്കം ചെയ്യാനും ചർമ്മം ഹൈഡ്രേറ്റഡ് ആകാനും സഹായിക്കും. ഇതുവഴി ചർമ്മത്തെ ആരോഗ്യമുള്ളതായി നിലനിർത്താൻ സാധിക്കും.
2) വിറ്റാമിൻ സി ധാരാളം അടങ്ങിയ പഴങ്ങളും മറ്റും കഴിക്കുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ്.
അത്തരത്തിൽ വിറ്റാമിൻ സി ധാരാളം അടങ്ങിയ ഒന്നാണ് ഓറഞ്ച്. വിറ്റാമിൻ സിയും മറ്റ് പോഷകങ്ങളും അടങ്ങിയ ഓറഞ്ച് ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറേ നല്ലതാണ്. ഇവ സൂര്യതാപം മൂലമുണ്ടാകുന്ന ചർമ്മപ്രശ്നങ്ങളെ തടയുകയും, സ്വാഭാവികമായ രീതിയിൽ ചർമ്മത്തിന് ജലാംശം നൽകുകയും, ചർമ്മത്തിലെ വരൾച്ച അകറ്റുകയും ചെയ്യുന്നു.
3) നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. ധാരാളം വിറ്റാമിനുകളും മിനറലുകളും ഇവയിൽ അടങ്ങിയിട്ടുണ്ട്. ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മസംരക്ഷണത്തിനും ബീറ്റ്റൂട്ട് ഏറേ സഹായിക്കും. വിറ്റാമിൻ സി പോലെ ചർമ്മ സംരക്ഷണത്തിന് അത്യാവശ്യമായ പോഷകങ്ങൾ ബീറ്റ്റൂട്ടിൽ അടങ്ങിയിട്ടുണ്ട്. അതിനാൽ ബീറ്റ്റൂട്ടിന്റെ ജ്യൂസ് സ്ഥിരമായി കുടിക്കുന്നത് ചർമ്മം തിളങ്ങാനും ആരോഗ്യത്തോടെയിരിക്കാനും ഏറെ നല്ലതാണ്.
4) പച്ചിലക്കറികളാണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. പോഷകങ്ങൾ ധാരാളം അടങ്ങിയ ഇവ ശരീരത്തിൻറെ ആരോഗ്യത്തിന് മാത്രമല്ല, ചർമ്മത്തിൻറെ ആരോഗ്യത്തിനും ഏറെ നല്ലതാണ്. ഇവയിൽ അടങ്ങിയിരിക്കുന്ന ഫോളേറ്റ്, ബീറ്റാ കരോട്ടിൻ, വിറ്റാമിൻ കെ, സിങ്ക് തുടങ്ങിയ ഘടകങ്ങൾ പ്രായമാകുന്നതിന്റെ പ്രധാന ലക്ഷണമായ ചർമ്മത്തിലെ ചുളിവുകൾ ഇല്ലാതാക്കാൻ സഹായിക്കും. ഒപ്പം ചർമ്മത്തിന് തിളക്കം ലഭിക്കാനും സഹായിക്കും. അതിനാൽ ചീര, ബ്രോക്കോളി, മുരിങ്ങയില തുടങ്ങിയ ഇലക്കറികൾ ധാരാളമായി ഡയറ്റിൽ ഉൾപ്പെടുത്താം.
5) നട്സ് ആണ് അടുത്തതായി ഈ പട്ടികയിൽ ഉൾപ്പെടുന്നത്. നട്സ് കഴിക്കുന്നതും ചർമ്മത്തിൻറെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. പ്രത്യേകിച്ച് ബദാം, വാൾനട്സ് തുടങ്ങിയവ ചർമ്മത്തിൻറെ ആരോഗ്യത്തിന് നല്ലതാണ് . ഇതിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ ബി, ഇ, മറ്റ് പോഷകങ്ങൾ എന്നിവ ചർമ്മത്തിൻറെ ആരോഗ്യം സംരക്ഷിക്കും. ഇവ ഡയറ്റിൽ ഉൾപ്പെടുത്തുന്നത് ചർമ്മത്തിന്റെ പ്രായാധിക്യ ലക്ഷണങ്ങളെ വൈകിപ്പിക്കുകയും ചർമ്മത്തെ തിളക്കമാർന്നതായി നിലനിർത്തുകയും ചെയ്യും.