കോട്ടയം :ളാക്കാട്ടൂർ എം.ജി.എം. എൻ. എസ്.എസ്. ഹയർ സെക്കന്ററി സ്കൂളിൽ ആരംഭിച്ച പാമ്പാടി സബ് ജില്ലാ കലോത്സവത്തിന്റെ ഭാഗമായി ബി.ആർ.സി. പാമ്പാടിയുടെ ആഭിമുഖ്യത്തിൽ ഭിന്നശേഷി കലോത്സവം ആരംഭിച്ചു. കേരളത്തിൽ ആദ്യമായിട്ടാണ് ഭിന്നശേഷി കലോത്സവം സബ് ജില്ലാ തലത്തിൽ സംഘടിപ്പിക്കുന്നത്. രണ്ട് വ്യത്യസ്ത കലോത്സവങ്ങളായിട്ടാണ് സംസ്ഥാന തലത്തിൽ സംഘടിപ്പിക്കുന്നത്. ഇതിൽ നിന്ന് വ്യത്യസ്തമായി ഇരു മേളകളും ഒരുമിച്ച് സംഘടിപ്പിക്കുക വഴി തുല്യതയുടെ സന്ദേശം പകരാൻ സാധിക്കും എന്ന് പാമ്പാടി ബ്ലോക്ക് പ്രോജക്ട് കോഡിനേറ്റർ ബിനോയി സി.എസ്. അഭിപ്രായപ്പെട്ടു. മീനടം ഗവ. ഹയർ സെക്കന്ററി സ്കൂൾ അധ്യാപിക സുധാ ഗോപി ഉദ്ഘാടനം നിർവ്വഹിച്ചു. കൂരോപ്പട പഞ്ചായത്ത് പ്രസിഡന്റ് ഷീല ചെറിയാൻ, സ്കൂൾ പ്രിൻസിപ്പാൾ കെ. കെ. ഗോപകുമാർ , ഹെഡ്മിസ്ട്രസ് സ്വപ്ന ബി. നായർ , ശ്രീജേഷ് കെ.സി. എന്നിവർ പ്രസംഗിച്ചു. ബി.ആർ.സി. റിസോഴ്സ് ടീച്ചേഴ്സിന്റെ നേതൃത്വത്തിലാണ് ഭിന്നശേഷി കലോത്സവത്തിന് വേണ്ട മുന്നൊരുക്കങ്ങൾ നടത്തിയത്.