കോട്ടയം:ഡോ.വന്ദന ദാസ് വധക്കേസിലെ പ്രതി സന്ദീപ് തന്നെ നേരത്തെ കത്തിയുമായി ആക്രമിച്ച് കൊല്ലാന്‍ ശ്രമിച്ചതായി പ്രതിയുടെ ഭാര്യ കോടതിയില്‍ മൊഴി നല്‍കി. കൊല്ലം അഡീഷണല്‍ സെഷന്‍സ് ജഡ്ജി മുമ്പാകെ നടന്ന സാക്ഷി വിസ്താരത്തിലാണ് ഭാര്യയുടെ വെളിപ്പെടുത്തല്‍.2018 ഡിസംബര്‍ മുതല്‍ ഭര്‍ത്താവിന്റെ ഭീഷണിയുടെ പശ്ചാത്തലത്തില്‍ കുട്ടികളുമായി വേര്‍പിരിഞ്ഞ് താമസിക്കുകയാണെന്ന് ഭാര്യ കോടതിയെ അറിയിച്ചു.കേസില്‍ പ്രോസിക്യൂഷന് വേണ്ടി പ്രതിയുടെ ഭാര്യയെ സാക്ഷിയായി ഹാജരാക്കുന്നതിന് സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചപ്പോള്‍ പ്രതിഭാഗം ശക്തമായി എതിർത്തു.
എന്നാല്‍ ഭാര്യാ-ഭര്‍ത്തൃ ജീവിതത്തില്‍ പരിരക്ഷയുള്ള സംഭാഷണങ്ങള്‍ ഒഴികെയുള്ള കാര്യങ്ങളെ സാക്ഷ്യമായി സ്വീകരിക്കാനാകുമെന്ന് വ്യക്തമാക്കിയ പ്രോസിക്യൂഷന് വേണ്ടി അഡ്വ. പ്രതാപ് ജി. പടിക്കല്‍ വാദിച്ചു. തുടര്‍ന്ന് കോടതി പ്രതിഭാഗത്തിന്റെ എതിർപ്പ് തള്ളിക്കളഞ്ഞു.അതേസമയം, കേസിലെ മറ്റൊരു സാക്ഷിയും പ്രതിയുടെ ബന്ധുവുമായ രാജേന്ദ്രന്‍ പിള്ളയുടെ വിസ്താരവും പൂര്‍ത്തിയായി. തുടര്‍ സാക്ഷി വിസ്താരത്തിന്റെ തീയതി സെപ്റ്റംബര്‍ 2ന് തീരുമാനിക്കും.കേസില്‍ പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കലിനൊപ്പം അഭിഭാഷകരായ ശ്രീദേവി പ്രതാപ്, ശില്പ ശിവന്‍, ഹരീഷ് കാട്ടൂര്‍ എന്നിവര്‍ കോടതിയില്‍ ഹാജരായി