കടയ്ക്കാവൂർ: സംസ്ഥാനത്ത് പേവിഷബാധയേറ്റ് ഒരു മരണം കൂടി. വക്കം അടിവാരം വരമ്പിൽ വീട്ടിൽ ജിഷ്ണുവാണ് മരണപ്പെട്ടത്. 29 വയസായിരുന്നു. രണ്ട് മാസം മുൻപാണ് ജിഷ്ണുവിനെ അയൽവീട്ടിലെ നായ കടിച്ചത്. തുടർന്ന് ജിഷ്ണു പ്രതിരോധ വാക്‌സിൻ എടുത്തിരുന്നില്ല. നായയുടെ കടിയേറ്റതിന് പിന്നാലെ മറ്റ് അസ്വസ്ഥതകളൊന്നും ജിഷ്ണുവിന് ഉണ്ടായിരുന്നില്ല. തുടർന്നാണ് വാക്‌സിൻ സ്വീകരിക്കാതെ ഇരുന്നത്.
എന്നാൽ, കഴിഞ്ഞ വെള്ളിയാഴ്ച കടുത്ത പനിയും ശാരീരിക അസ്വസ്ഥതകളും ജിഷ്ണുവിന് അനുഭവപ്പെട്ടു. തുടർന്ന് ചിറയിൻകീഴ് താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് ആരോഗ്യ നില വഷളായതോടെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. മെഡിക്കൽ കോളേജിലെ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ ഇരിക്കവെ തിങ്കളാഴ്ച പുലർച്ചയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജിഷ്ണുവുമായി സമ്പർക്കം ഉണ്ടായിരുന്ന മുപ്പതോളം പേർ വക്കം ഗവ. ആശുപത്രിയിൽനിന്ന് തിങ്കളാഴ്ച പ്രതിരോധ വാക്‌സിൻ സ്വീകരിച്ചു. ചൊവ്വാഴ്ച പഞ്ചായത്തിന്റെ നേതൃത്വത്തിൽ വീടുകൾതോറും കയറി പേവിഷബാധയെയും അതിന്റെ ചികിത്സാ രീതികളെയും കുറിച്ച് ജനങ്ങളെ പറഞ്ഞു മനസിലാക്കുമെന്നും പഞ്ചായത്ത് അധികൃതർ അറിയിച്ചു. ആംബുലൻസ് ഡ്രൈവർ ആണ് ജിഷ്ണു. ഭാര്യ: അജിസ. മകൾ: അൽഫാന.