പനച്ചിക്കാട് : തെരുവുനായ്ക്കളിൽ പേ വിഷബാധ കണ്ടെത്തിയതിനെ തുടർന്ന് പനച്ചിക്കാട് ഗ്രാമ പഞ്ചായത്തിൽ തെരുവുനായ്ക്കൾക്കു മാത്രമായി വാക്സിനേഷൻ ക്യാമ്പ് നടത്തുന്നു . 2023 ഒക്ടോബർ 10 ചൊവ്വാഴ്ചയും, 11 ബുധനാഴ്ചയും രണ്ടു ദിവസങ്ങളിൽ വെറ്റിനറി ഡോക്ടർ , ലൈവ് സ്റ്റോക്ക് ഇൻസ്പെക്ടർമാർ എന്നിവർ ഉൾപ്പെടുന്ന പ്രത്യേക ടീം പഞ്ചായത്തിന്റെ വിവിധ കേന്ദ്രളിലെത്തി തെരുവുനായ്ക്കൾക്ക് വാക്സിനേഷൻ നടത്തും. ഇതിനായി പ്രത്യേക പരിശീലനം ലഭിച്ച ഡോഗ് ക്യാച്ചർമാരുടെ മൂന്ന് സംഘം ഇവരോടൊപ്പം സഞ്ചരിക്കും . നാളെ രാവിലെ ആറ് മണിക്ക് മൃഗാശുപത്രി പരിസരത്തു നിന്നും ആരംഭിച്ച് പാറക്കുളം , വെള്ളൂത്തുരുത്തി അമ്പലക്കവല , പടിയറക്കടവ് , പാത്താമുട്ടം എഞ്ചിനീയറിംഗ് കോളേജ് , മാളികക്കടവ് , കുഴിമറ്റം പള്ളിക്കവല , നെല്ലിക്കൽ , പരുത്തുംപാറ , പനച്ചിക്കാട് ക്ഷേത്രം , ഓട്ടക്കാഞ്ഞിരം , പഞ്ചായത്ത് ശ്മശാനം , പാണ്ഡവർകുളം , ചാന്നാനിക്കാട് സ്കൂൾ , വെട്ടൂർ പാലം , കണിയാം മല എന്നീ സ്ഥലങ്ങളിൽ വാക്സിനേഷൻ ടീം എത്തിച്ചേരും . 11 ബുധനാഴ്ച പുന്നയ്ക്കൽ ഗസ്റ്റ് ഹൗസ് , കൊല്ലാട് സ്കൂൾ , കളത്തിൽ കടവ്, കടുവാക്കുളം , പൂവൻ തുരുത്ത് , പാലേടത്ത് കടവ് , കാട്ടാമ്പാക്ക് , ചോഴിയക്കാട് ക്ഷേത്രം എന്നീ കേന്ദ്രങ്ങളിലാണ് വാക്സിനേഷൻ നടത്തുന്നത്.