പൊൻകുന്നം : മധ്യവയസ്കനെ കൊലപ്പെടുത്താൻ ശ്രമിച്ച കേസിൽ 74 കാരനേയും,മക്കളെയും പോലീസ് അറസ്റ്റ് ചെയ്തു. ചിറക്കടവ് തെക്കേത്തുകവല കല്ലംപ്ലാക്കൽ വീട്ടിൽ അപ്പുക്കുട്ടൻ നായർ (74), ഇയാളുടെ മക്കളായ അനീഷ് കെ.എ (38), സനീഷ് കെ.എ (35) എന്നിവരെയാണ് പൊൻകുന്നം പോലീസ് അറസ്റ്റ് ചെയ്തത്. ഇവർ കഴിഞ്ഞദിവസം രാവിലെ 6.30 മണിയോടുകൂടി സമീപവാസിയായ മധ്യവയസ്കൻ തന്റെ നായയുമായി നടക്കാൻ ഇറങ്ങിയ സമയം നായ അപ്പുക്കുട്ടൻ നായരുടെ വീടിന് സമീപമുള്ള മാടത്തിന്റെ അരികിലായി വിസർജിക്കുകയും,തുടര്‍ന്ന് ഇയാള്‍ നായയെ കല്ലെടുത്ത് ഏറിയുകയുമായിരുന്നു.
തുടര്‍ന്ന് ഇവർ തമ്മിൽ വാക്കുതർക്കം ഉണ്ടാവുകയും ഇയാൾ കല്ലെടുത്ത് വീണ്ടും മധ്യവസ്കനെ എറിയുകയും, തുടർന്ന് ഇയാളും മക്കളും ചേർന്ന് മധ്യവയസ്കനെ ആക്രമിക്കുകയും, തലയ്ക്ക് വടികൊണ്ട് അടിച്ച് കൊലപ്പെടുത്താൻ ശ്രമിക്കുകയുമായിരുന്നു. ആക്രമണത്തിൽ മധ്യവയസ്കന്റെ തലയോട്ടിക്കും, കാല്‍വിരലിന്റെ അസ്ഥിക്കും പൊട്ടൽ സംഭവിക്കുകയും ചെയ്തു. പരിക്കുപറ്റിയ ഇയാളെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരാതിയെ തുടർന്ന് പൊൻകുന്നം പോലീസ് കേസ് ചെയ്യുകയും, ഇവരെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. പൊന്‍കുന്നം സ്റ്റേഷൻ എസ്.എച്ച്.ഓ ദിലീഷ് റ്റി, എസ്.ഐ മാരായ മാഹിൻ സലിം, സുഭാഷ്. ഡി, എ.എസ്.ഐ ഷീനാ മാത്യു, സി.പി.ഓ മാരായ ഷാജി ചാക്കോ, ജയകുമാർ കെ.ആർ, നിഷാന്ത് കെ.എസ്, അനൂപ് എന്നിവർ ചേർന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്. ഇവരെ കോടതിയിൽ ഹാജരാക്കി.