കോട്ടയം: നഗര മധ്യത്തിൽ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ച തെരുവുനായയ്ക്ക് പേവിഷബാധ സ്ഥിരീകരിച്ചു. തിരുവല്ലയിലെ വെറ്റിനറി കേന്ദ്രത്തിൽ നടത്തിയ പരിശോധനയിലാണ് നായക്ക് പേവിഷബാധ സ്ഥിരീകരിച്ചത്. ഇന്നലെ ഉച്ചയ്ക്ക് 11 മണി മുതൽ രണ്ടു മണിവരെയുള്ള സമയത്തിനിടയാണ് കോട്ടയം നഗരത്തിലെ വിവിധ സ്ഥലങ്ങളിൽ വച്ച് തെരുവുനായ ഏഴുപേരെ കടിച്ചു പരിക്കേൽപ്പിച്ചത്. ജില്ലാ മൃഗസംരക്ഷണ വകുപ്പ് ഉദ്യോഗസ്ഥരും നഗരസഭ ജീവനക്കാരും എബിസി സെൻറർ ജീവനക്കാരും ചേർന്ന് നായയെ പിടികൂടി കോടിമതയിലെ എബിസി സെൻറർലേക്ക് മാറ്റിയിരുന്നു. ഇതിനുപിന്നാലെ നായ ചാകുകയും ചെയ്തു. ഇതേ തുടർന്നാണ് നായയെ വിദഗ്ധ പരിശോധനയ്ക്കായി തിരുവല്ലയിലെ വെറ്റിനറി സെന്ററിലേക്ക് മാറ്റിയത്. ഇവിടെ നടത്തിയ പോസ്റ്റുമോർട്ടത്തിലും പരിശോധനയിലും ആണ് നായയ്ക്ക് പേ വിഷബാധ സ്ഥിരീകരിച്ചത്.
ഇതോടെ കോടിമത മീൻ മാർക്കറ്റ്, കെഎസ്ആർടിസി ഭാഗങ്ങളിലുള്ള തെരുവ് നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ എടുക്കുമെന്ന് ജില്ല വെറ്റിനറി ഓഫീസർ ഡോ.മനോജ് കുമാർ അറിയിച്ചു. ഇന്നും നാളെയുമായി നായ്ക്കൾക്ക് പ്രതിരോധ വാക്സിൻ നൽകുന്ന ജോലികൾ ആരംഭിക്കും. നേരത്തെ എടുത്തിരുന്ന പ്രതിരോധ വാക്സിന്റെ ബൂസ്റ്റർ ഡോസുകളാണ് രണ്ടു ദിവസങ്ങളിലായി നായ്ക്കൾക്ക് നൽകുക. ഈ സാഹചര്യത്തിൽ ഇന്നലെ നായയുടെ കടിയേറ്റവർ അതീവ ജാഗ്രത പുലർത്തണമെന്നും ജില്ലാ മൃഗസംരക്ഷണ വകുപ്പ് അധികൃതർ അറിയിച്ചു.