കൊച്ചി: ലഹരിക്കടിമയായ അച്ഛൻ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിച്ച പിഞ്ചുകുഞ്ഞുങ്ങളെ ഏറ്റെടുക്കാൻ ഇതുവരെ അമ്മയെത്തിയില്ല. കുട്ടികളുടെ സംരക്ഷണ ചുമതല താൽക്കാലികമായി പുല്ലുവഴിയിലെ ശിശുഭവന് കൈമാറി. പൊലീസ് സ്റ്റേഷനിൽ കുട്ടികൾക്ക് സംരക്ഷണമൊരുക്കിയ പെരുമ്പാവൂർ പൊലീസിന് സമൂഹമാധ്യമങ്ങളിൽ വലിയ കൈയ്യടിയാണ്. അതേസമയം മുഖം മറക്കാതെ കുട്ടികളുടെ ദൃശ്യം പ്രചരിപ്പിക്കുന്നത് തടയാൻ സിഡബ്ല്യുസി പൊലീസിന് നിർദ്ദേശം നൽകി.ലഹരിക്കടിമയായ കോടനാട് സ്വദേശി അശ്വിൻ ആണ് രണ്ടര വയസ്സും 9 മാസവും പ്രയാമായ രണ്ട് കുട്ടികളെ പൊലീസ് സ്റ്റേഷനിൽ ഉപേക്ഷിക്കാനെത്തിയത്. സ്റ്റേഷനിൽ മണിക്കൂറുകളോളം ലഹരിയില്‍ പരാക്രമം കാട്ടിയ അസ്വിനിനെ പെരുമ്പാവൂർ പോലീസ് കോടനാട് പൊലീസിന്റെ സഹായത്തോടെ ചികിത്സാ കേന്ദ്രത്തിലാക്കി. രണ്ട് ദിവസം ഭക്ഷണവും വെള്ളവുമില്ലാതെ കഴിഞ്ഞ് കുട്ടികൾക്ക് പെരുമ്പാവൂർ പൊലീസ് ആയിരുന്നു സംരക്ഷകർ. പൊലീസിന്റെ ഈ കരുതൽ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചതോടെ അഭിനന്ദന പ്രവാഹമായിരുന്നു.ഉച്ചവരെ കുട്ടികളുടെ അമ്മയോ ബന്ധുക്കോളോ എത്താത്തതിനാൽ പൊലീസ് സഹായത്തോടെ കുട്ടികളെ എറണാകുളം ശിശു സംരക്ഷണ സമിതിയില്‍ ഹാജരാക്കി. കുട്ടികളുടെ താൽക്കാലിക ചുമതല പുല്ലുവഴിയിലെ ശിശുഭവന് കൈമാറിയിട്ടുണ്ട്. രക്ഷാകര്ത്താക്കള് ഏറ്റെടുക്കാന്‍ തയ്യാറാണോ എന്ന കാര്യം പരിശോധിച്ച് റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ സിഡബ്ല്യുസി പൊലീസിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. കുട്ടികളുടെ മാതാവിന്റെ വീട് പറവൂരാണെന്ന നിഗമനത്തില്‍ അവിടേയും പൊലീസ് പരിശോധന നടത്തുന്നുണ്ട്. അതിനിടെ സമൂഹമാധ്യമങ്ങളിലടക്കം കുട്ടികളുടെ മുഖം മറക്കാത്ത ദൃശ്യങ്ങള്‍ പ്രദര്‍ശിപ്പിച്ചത് അടിയന്തിരമായി നീക്കാന്‍ പൊലീസിനോട് ശിശു സംരക്ഷണ സമിതി ആവശ്യപ്പെട്ടു.