മുംബൈ: സുഹൃത്തിൽ നിന്നും താൻ ഗർഭം ധരിച്ചിരുന്നെന്നും അത് അബോർഷനിലൂടെ ഇല്ലാതാക്കിയെന്നും ബോളിവുഡ് താരം കുബ്ര സെയ്റ്റ്. ആദ്യ പുസ്തകമായ ഓപ്പൺ ബുക്കിലാണ് താരം ഇക്കാര്യം വെളിപ്പെടുത്തുന്നത്. പുസ്തകത്തിലെ ഒരു അധ്യായമാണ് ഇപ്പോൾ സാമൂഹ്യമാധ്യമങ്ങളിൽ വലിയ ചർച്ചയായിരിക്കുന്നത്. ‘ ‘I Wasn’t Ready to Be a Mother’ ‘ എന്ന അധ്യായത്തിൽ മുൻപ് ഗർഭഛിദ്രം നടത്തിയതിനെ കുറിച്ചും അതിന്റെ കാരണങ്ങളെ കുറിച്ചുമാണ് പറയുന്നത്.
ഒരു രാത്രി സുഹൃത്തിനൊപ്പം കഴിഞ്ഞതിനു ശേഷമാണ് താൻ ഗർഭിണിയായതെന്നും അമ്മയാകാൻ താൻ മാനസികമായി തയ്യാറായിരുന്നില്ലെന്നും നടി പറയുന്നു. 2013 ൽ തന്റെ മുപ്പതാം വയസ്സിലുണ്ടായ അനുഭവമാണ് കുബ്ര പറയുന്നത്. ആൻഡമാനിലേക്ക് യാത്ര പോയപ്പോഴായിരുന്നു സംഭവം. സ്‌കൂബ ഡൈവിങ്ങിനു ശേഷം അൽപം മദ്യപിച്ചിരുന്നു. ഇതിനുശേഷം സുഹൃത്തുമായി ശാരീരിക ബന്ധമുണ്ടായി. പിന്നീട് ഏതാനും നാളുകൾക്കു ശേഷം പരിശോധന നടത്തിയപ്പോഴാണ് ഗർഭിണിയാണെന്ന് തിരിച്ചറിഞ്ഞതെന്ന് കുബ്ര എഴുതി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂൺ 27 നാണ് ബോളിവുഡ് താരം കുബ്ര സെയ്റ്റ് തന്റെ ആദ്യ പുസ്തകമായ ഓപ്പൺ ബുക്ക് പുറത്തിറക്കിയത്. ബെംഗളുരുവിലെ തന്റെ മുൻകാല ജീവിതവും വ്യക്തിപരമായ അനുഭവങ്ങളുമാണ് നടി പുസ്തകത്തിൽ എഴുതിയിരിക്കുന്നത്. സിനിമാലോകത്ത് എത്തുന്നതിന് മുമ്ബ് നേരിട്ട ബോഡിഷെയ്മിങ്ങിനെ കുറിച്ചും നേരിട്ട സാമൂഹിക ഉത്കണ്ഠയെ കുറിച്ചുമെല്ലാം കുബ്ര പുസ്തകത്തിലൂടെ വെളിപ്പെടുത്തുന്നുണ്ട്.
ടൈംസ് നൗവിന് നൽകിയ അഭിമുഖത്തിൽ ആ സംഭവത്തെ കുറിച്ച് കുബ്ര കൂടുതൽ വിശദമാക്കുന്നുണ്ട്. ‘ഗർഭിണിയാണെന്ന് അറിഞ്ഞ് ഒരാഴ്ച്ചയ്ക്ക് ശേഷം ഗർഭധാരണം വേണ്ടെന്ന് വെക്കാൻ തീരുമാനിച്ചു. ഞാൻ മാനസികമായി തയ്യാറായിരുന്നില്ല. തന്റെ ജീവിതം അങ്ങനെയാകാനായിരുന്നില്ല ആഗ്രഹിച്ചിരുന്നത്. അമ്മയാകാൻ ഞാൻ ഒരുക്കമായിരുന്നില്ല. ഇപ്പോഴും അതിന് തയ്യാറാണെന്ന് കരുതുന്നില്ല. പെൺകുട്ടികൾ 23 വയസ്സിൽ വിവാഹിതയായി മുപ്പത് വയസ്സിനുള്ളിൽ അമ്മയാകണമെന്ന് സമൂഹം നിർബന്ധിക്കുന്നതെന്തിനാണെന്ന് എനിക്ക് മനസ്സിലാകുന്നില്ല. അദൃശ്യമായ നിയമപുസ്തകം പോലെയാണിത്. എനിക്കറിയാമായിരുന്നു ഞാനതിന് ഒരുക്കമായിരുന്നില്ലെന്ന്’. കുബ്ര പറയുന്നു. ഗർഭഛിദ്രം നടത്തിയതിൽ പശ്ചാത്താപമില്ലെന്നും നടി വ്യക്തമാക്കി.
‘തീർച്ചയായും ആ തിരഞ്ഞെടുപ്പ് കാരണം ഒരു മോശം മനുഷ്യനാണെന്ന് എനിക്ക് തോന്നിയിരുന്നു. എന്നാൽ എനിക്ക് മോശം തോന്നുന്നത് എനിക്ക് എങ്ങനെ തോന്നി എന്നതിൽ നിന്നല്ല, മറിച്ച് മറ്റുള്ളവർ അത് എങ്ങനെ മനസ്സിലാക്കും എന്നതിൽ നിന്നാണ്. എന്റെ തിരഞ്ഞെടുപ്പ് എന്നെക്കുറിച്ചായിരുന്നു. ചിലപ്പോൾ സ്വയം സഹായിക്കുക എന്നത് ഏറെ ബുദ്ധിമുട്ടായിരിക്കും. പക്ഷേ കുഴപ്പമില്ല. നിങ്ങളത് ചെയ്യണം.’- കുബ്രയുടെ വാക്കുകൾ.
ബെംഗളുരുവിൽ ജനിച്ച കുബ്ര നെറ്റ്ഫ്‌ലിക്‌സ് സീരീസ് സേക്രഡ് ഗെയിംസിലൂടെയാണ് കൂടുതൽ ശ്രദ്ധേയയാകുന്നത്. ആപ്പിൾ ടിവി+ സീരീസായ ഫൗണ്ടേഷനിലാണ് കുബ്ര അവസാനമായി അഭിനയിച്ചത്. ബോളിവുഡിൽ നേരത്തേ ചെറിയ വേഷങ്ങളിലും കുബ്ര വേഷമിട്ടിരുന്നു. സൽമാൻ ഖാനും അസിനും അഭിനയിച്ച റെഡി എന്ന ചിത്രത്തിലെ ചെറിയ വേഷത്തിലൂടെയാണ് കുബ്ര അഭിനയ രംഗത്തേക്ക് കടക്കുന്നത്. സുൽത്താൻ, ജവാനി ജാനേമൻ, ഡോളി കിറ്റി ഔർ വോ ചമക്തേ സിത്താരേ, സിറ്റി ഓഫ് ലൈഫ് എന്നീ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്.