കോട്ടയം: കോട്ടയം നഗരമധ്യത്തിൽ മദ്യലഹരിയിൽ ആൺകുട്ടികളും പെൺകുട്ടികളും അലഞ്ഞു തിരിഞ്ഞ് നടന്നതിനെതിരെ നാട്ടുകാരുടെ പരാതി. നഗരത്തിലെ സ്‌കൂളിലെ പരിപാടികൾക്ക് മറ്റു ജില്ലകളിൽ നിന്നും എത്തിയ വിദ്യാർത്ഥി സംഘമാണ് മദ്യപിച്ച ശേഷം അസ്വാഭാവികമായ രീതിയിൽ കോട്ടയം നഗരത്തിൽ നടന്നത്. മദ്യലഹരിയിലായിരുന്ന കുട്ടികളിൽ ചിലർ റോഡിൽ വീഴാൻ പോയതും, റോഡരികിലെ ഫുട്പാത്തിൽ ഇരുന്നതും ശ്രദ്ധയിൽപ്പെട്ട നാട്ടുകാരാണ് വിവരം പൊലീസിൽ അറിയിച്ചത്.
തുടർന്നു പൊലീസ് സംഘം സ്ഥലത്ത് എത്തി വിദ്യാർത്ഥികളോട് കാര്യങ്ങൾ ചോദിച്ചറിഞ്ഞു. എന്നാൽ, തങ്ങൾ മദ്യപിച്ചിട്ടില്ലെന്നും ആർക്കും ശല്യമുണ്ടാക്കിയിട്ടില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞു. ഇതേ തുടർന്നു പൊലീസ് സംഘം ഇവരെ വിട്ടയക്കുകയും ചെയ്തു. അസ്വാഭാവികവും അപകടകരവുമായ രീതിയിൽ വിദ്യാർത്ഥികളെ കണ്ടതിനാലാണ് വിവരം പൊലീസിൽ അറിയിച്ചതെന്നു പ്രദേശവാസികൾ ജാഗ്രതാ ന്യൂസ് ലൈവിനോടു പറഞ്ഞു.