കോട്ടയം: ഡ്രൈഡേ ദിവസമായ ഒന്നാം തീയതിയും, പുലർച്ചെയും അനധികൃതമായി മദ്യവിൽപ്പന നടത്തിയിരുന്നയാൾ എക്‌സൈസ് പിടിയിലായി. പാമ്പാടി വെള്ളൂർ തകിടിയിൽ വീട്ടിൽ പ്രകാശി(കൂത്താണ്ടി)നെയാണ് പാമ്പാടി റെയിഞ്ച് അസി.എക്‌സൈസ് ഇൻസ്‌പെക്ടർ ഫിലിപ്പ് തോമസിന്റെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. 13 കുപ്പി വിദേശമദ്യവും ഇയാളിൽ നിന്നും എക്‌സൈസ് സംഘം പിടിച്ചെടുത്തു.
മദ്യനിരോധനമുള്ള ഡ്രൈ ഡേ ദിവസങ്ങളിലും, പുലർച്ചെ അഞ്ചു മണി മുതലുള്ള സമയങ്ങളിലുമാണ് ഇയാൾ മദ്യക്കച്ചവടം നടത്തിയിരുന്നത്. ഓട്ടോറിക്ഷയിലായിരുന്നു ഇയാളുടെ മദ്യവിൽപ്പന. റെയിഡിൽ പ്രിവന്റീവ് ഓഫിസർ ടി.കെ മനോജ്, സിവിൽ എക്‌സൈസ് ഓഫിസർമാരായ പ്രവീൺകുമാർ, അഖിൽ എസ്.ശേഖർ, വനിതാ സിവിൽ എക്‌സൈസ് ഓഫിസർ സിനി ജോൺ, എക്‌സൈസ് ഡ്രൈവർ സോജി മാത്യു എന്നിവർ പങ്കെടുത്തു.