കോട്ടയം : താറാവ് വളർത്തലിന് ഏർപ്പെടുത്തിയ നിരോധനം നേട്ടമായത് അന്യ സംസ്ഥാന ലോബിക്ക് എന്ന് കർഷക കോൺഗ്രസ് ജില്ല ജനറൽ സെക്രട്ടറി എബി ഐപ്പ് ആരോപിച്ചു. റ൦സാൻ ഈസ്റ്റർ വിപണി അടുത്തതോടെ താറാവ് വില വലിയ തോതിൽ വർദ്ധിച്ചിരിക്കുകയാണ്. ജീവനൊടെ ഉള്ള താറാവിന് മുൻകാലങ്ങളിൽ മുന്നൂറു രൂപയിൽ താഴെ ആയിരുന്നത് മുന്നൂറ്റി അൻപതിനു മുകളിലേയ്ക്ക് വർദ്ധിച്ചു. വൃത്തിയാക്കിയ താറാവിന് നിലവിൽ നാനൂറ്റി അൻപതു രൂപ വരെയാണ് വില ദിവസങ്ങൾ കഴിഞ്ഞാൽ അഞ്ഞുറു രൂപായിൽ എത്താൻ സാധ്യത ഉണ്ട്.
എന്നാൽ താറാവ് കർഷകർക്ക് ഇതിന്റെ പ്രയോജനം ലഭിക്കുന്നില്ല അന്യ സംസ്ഥാന താറാവിന് നാടൻ താറാവിന്റെ അത്ര രുചി ഇല്ലാത്തത് വരു൦ കാലങ്ങളിൽ വിപണിയെ ബാധിക്കുമൊ എന്ന ആശങ്കയു൦ കർഷകർക്ക് ഉണ്ട്. നമ്മുടെ തനത് നാടൻ ഇനങ്ങൾ വളർത്തിയിരുന്ന കുട്ടനാട്ടിലേയു൦ അപ്പർകുട്ടനാട്ടിലേയു൦ കർഷകർക്ക് നിരോധന കാലാവധി നീങ്ങി മാസങ്ങളായിട്ടു൦ താറാവിനെ വളർത്തൽ മൃഗസംരക്ഷണ വകുപ്പ് അനുമതി നൽകിയിട്ടില്ല. ഫലത്തിൽ നിരോധനത്തിന്റെ മറവിൽ നേട്ട൦ കൊയ്തത് അന്യ സംസ്ഥാന ലോബിയാണ്.