തിരുവനന്തപുരം : ബസ് യാത്രകളില്‍ ലഘുഭക്ഷണം നല്‍കിക്കൊണ്ട് യാത്രക്കാർക്ക് മെച്ചപ്പെട്ട യാത്രാസൗകര്യം ഒരുക്കുന്നതിനുള്ള സംരംഭം ആരംഭിക്കുന്നുവെന്ന് കെഎസ്ആർടിസി. ലഘുഭക്ഷണം ഉള്‍പ്പെടെ ഷെല്ഫുകളും വെൻഡിങ് മെഷീനുകളും സ്ഥാപിച്ച് വിതരണം ചെയ്യുന്നതിനായി താല്പര്യമുള്ളവരില് നിന്നും നിർദേശങ്ങള്‍ ക്ഷണിക്കുന്നുവെന്ന് കെഎസ്ആർടിസി അറിയിച്ചു. പദ്ധതിയുടെ വിശദാംശങ്ങള്‍ ഇങ്ങനെ- ബസ് യാത്രകള്‍ക്ക് അനുയോജ്യമായ ലഘുഭക്ഷണങ്ങള്‍ നല്‍കണം. ലഘുഭക്ഷണങ്ങള്‍ പാക്ക് ചെയ്തതും ബസ് പരിതസ്ഥിതിയില്‍ എളുപ്പത്തില്‍ ഉപയോഗിക്കാവുന്നതുമായിരിക്കണം. നിർദ്ദിഷ്ട ഗുണനിലവാരവും ശുചിത്വവും പാലിക്കുന്നതായിരിക്കണം. ബസ്സുകള്‍ക്കുള്ളില്‍ ഷെല്‍ഫ്/ വെൻഡിങ് മെഷീൻ സ്ഥാപിക്കുന്നതിനുള്ള സ്ഥല സൗകര്യം കെഎസ്ആർടിസി നല്‍കും.
പദ്ധതി നടത്തിപ്പിനെ സംബന്ധിച്ച അന്തിമ തീരുമാനം കെഎസ്ആർടിസി ചെയർമാൻ & മാനേജിങ് ഡയറക്ടറില്‍ നിക്ഷിപ്തമായിരിക്കുമെന്നും കെഎസ്ആർടിസി അറിയിച്ചു. പ്രൊപ്പോസലുകള്‍ മുദ്രവച്ച കവറില്‍ തിരുവനന്തപുരത്തെ കെഎസ്ആർടിസി ആസ്ഥാനമായ ട്രാൻസ്പോർട്ട് ഭവനിലെ ഗ്രൗണ്ട് ഫ്ലോറിലെ തപാല്‍ സെക്ഷനില്‍ നേരിട്ടെത്തിക്കണമെന്നാണ് നിർദേശം. ഓരോ പ്രൊപ്പോസലും “ലഘുഭക്ഷണ വിതരണത്തിനുള്ള നിർദ്ദേശം – കെഎസ്ആർടിസി ബസ്സുകളില്‍” എന്ന് വ്യക്തമായി അടയാളപ്പെടുത്തി മെയ് 24ന് 5 മണിക്ക് മുൻപ് സമർപ്പിക്കണം. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കുമായി [email protected] എന്ന ഇ- മെയിലിലോ 9188619384 (എസ്റ്റേറ്റ് ഓഫീസർ ) എന്ന ഫോണ്‍ നമ്പറിലോ ബന്ധപ്പെടാമെന്നും കെഎസ്ആർടിസി അറിയിച്ചു.