നീതിയുടെ തീ
ഓ.. എന്നാ പന്ന പണി ആണെന്നെ പോലീസ്.. എപ്പോളും കുറ്റവാളികളും അപകടങ്ങളും കൊലപാതകങ്ങളും അക്രമങ്ങളും ഒക്കെ ആയി മനസ്സ് തന്നെ കല്ലായി പോകുന്ന പണി..മലയാളിയുടെ മനസ്സിൽ അടിഞ്ഞു കിടക്കുന്ന ഈ പരമ്പരാഗത ചിന്തയെ എടുത്ത് തോട്ടിൽ കളഞ്ഞ കുറേ മനുഷ്യരുണ്ട്.. അതിൽ വർത്തമാന കാലത്തെ ഏറ്റവും നല്ല ഉദാഹരണമാണ് ഡി വൈ എസ് പി രാജ്കുമാർ സർ.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കേരളം ഏറ്റവും ചർച്ച ചെയ്ത വിസ്മയ കേസിൽ അന്വേഷണ ഉദ്യോഗസ്ഥന്റെ പേര് വായിച്ചപ്പോളെ കിരണിന്റെ കയ്യിൽ വിലങ്ങുറപ്പിച്ചിരുന്നു..
അതിന് എനിക്ക് എന്റേതായ നിരവധി കാരണങ്ങൾ ഉണ്ടെങ്കിലും ഈ മനുഷ്യനെ പറ്റി പറയുമ്പോൾ മനസ്സിൽ ഓർമ വരുന്നൊരു രംഗമുണ്ട്. ഒരു പക്ഷേ അദ്ദേഹം പോലും മറന്നു പോയൊരു കാര്യം.. 2005 ൽ ആണെന്ന് തോന്നുന്നു.. എരുമേലി എസ് ഐ ആയി രാജ്‌കുമാർ സർ ചാർജ് എടുത്ത കാലം.. ജേർണലിസം ക്ലാസിനൊപ്പം കേരള കൗമുദിയിൽ പ്രാദേശിക പത്ര പ്രവർത്തനവും നടത്തുന്ന സമയം. നാട്ടുവിശേഷങ്ങളും ലോക കാര്യങ്ങളും നിറയുന്ന സായംകാല സംഭാഷണ സമയങ്ങളിൽ ഒരു ദിവസം പുറത്ത് കോളിങ് ബെൽ കേട്ടു..മലയോര മേഖലയിലെ അറിയപ്പെടുന്ന മണൽ മാഫിയയിൽ പ്രധാനി ആണ്.കുറച്ചു മുൻപ് എസ് ഐ കസ്റ്റഡിയിൽ എടുത്ത മണൽ ലോറി ഇറക്കുന്നതിന് കാണാൻ വന്നതാണ്.. സാറിന്റെ വീട് പണിയൊക്കെ വരുവല്ലേ ആവശ്യമുള്ളതൊക്കെ ഞങ്ങൾ എത്തിച്ചോളാം എന്ന വാഗ്ദാനത്തിന് കൊടുത്ത മാസ് മറുപടി ഇപ്പുറത്തെ മുറിയിൽ ഇരുന്ന് കേട്ടത് ഇങ്ങനെയാണെന്നാണ് ഓർമ..
സൃഹുതേ ഈ യൂണിഫോം ഇടുന്നതിനു മുൻപ് പി ഡബ്ലിയുഡി വിലായിരുന്നു ജോലി..നല്ല വണ്ണം കഷ്ടപ്പെട്ട് പഠിച്ചു വാങ്ങിയ ഈ ജോലി കൊണ്ട് അത്യാവശ്യം അരി വാങ്ങുന്നുണ്ട്.. ജീവിക്കാൻ അതൊക്കെ മതി.. തുടർന്ന് പരിപൂർണ നിശബ്ദത, (വല്ല അക്രമവും ഉണ്ടാകുമോ എന്നറിയാതെ ഞാൻ ആശങ്ക പെട്ട് ഇപ്പുറെ റെഡി ആയി നിന്നു) അനിയൻ ചെല്ല്..എന്ന് കൂടി പറഞ്ഞോ എന്ന് സംശയമുണ്ട്..സംഭവം പുറത്ത് തിണ്ണയിലും ഞാൻ സ്വീകരണ മുറിയിലും ആയതുകൊണ്ട് കൂടുതൽ കേട്ടില്ല.. പിന്നെ കേട്ടത് വന്നയാളുടെ കാർ സ്റ്റാർട്ടായി പോകുന്ന ശബ്ദമാണ്.. ഒന്നും സംഭവിക്കാത്ത പോലെ അകത്തു വന്ന് വീണ്ടും സംസാരം തുടർന്ന മനുഷ്യനോട് ഒരു ജ്യേഷ്ഠനോടെന്ന പോലെ അന്ന് തുടങ്ങിയ ബന്ധമാണ്. പിന്നീട് പത്ര ദൃശ്യ മാധ്യമ പ്രവർത്തനതിന്റെ ഭാഗമായുള്ള ഓട്ടത്തിനിടയിൽ എത്രയോ വത്യസ്തമായ കാഴ്ചകളിൽ ഈ മനുഷ്യൻ ഇങ്ങനെ ചിരിച്ചു നിന്നു.
ജനമൈത്രി പോലീസ് എന്നൊരു ആശയം വരുന്നതിനും എത്രയോ മുൻപ് തന്നെ അത് നടപ്പാക്കിയ ഉദ്യോഗസ്ഥൻ..
ജനകീയ പോലീസിങ്ങിനായി മണിക്കൂറുകളോളം തന്റെ ആശയങ്ങൾ പങ്കു വെച്ചിരുന്ന അദ്ദേഹം അത് വാക്കുകളിൽ നിർത്താതെ സ്വയം മുന്നിട്ടിറങ്ങി നടപ്പിൽ വരുത്തുന്നത് വിസ്മയത്തോടെ നോക്കി നിന്നിട്ടുണ്ട്.. ഒന്നല്ല പലതവണ..
വെള്ളൂരിൽ വെച്ച് പോലീസ് ജീപ്പ് കണ്ടാൽ മുങ്ങുന്ന കള്ളന്മാരെ പിടികൂടാനായി നാടെങ്ങും ഓട്ടോറിക്ഷ തൊഴിലാളികളുടെ സഹകരണത്തോടെ നടപ്പാക്കിയ രാത്രികാല പട്രോളിംഗുകൾ, പൊൻകുന്നത് മണ്ഡല മകര വിളക്ക് കാലത്ത് രാത്രി കാലതെതുന്ന തീർത്താടക വാഹനങ്ങളിലെ ഡ്രൈവർമാർക്കായി സ്റ്റേഷന് മുൻപിൽ തുടങ്ങിയ ചുക്ക് കാപ്പി വിതരണം, സ്റ്റേഷനിലെക്ക് യുവതി യുവാക്കളെ വിളിച്ചു വരുത്തി ടെറസിൽ ഇരുത്തി പഠിപ്പിച്ചപ്പോൾ ചിലർക്കൊക്കെ സംശയം ഇത് പോലീസ് സ്റ്റേഷനോ അതോ കോളേജോ.. പോലീസുകാരുടെ പി.എസ്.സി കോച്ചിങ്ങും വെറുതേ ആയില്ല 18 പേര് സർക്കാർ ജോലിക്കാരായി..
ജനങ്ങൾക്കൊപ്പം നിന്ന ഉദ്യോഗസ്ഥനെ നാട്ടുകാരും ചങ്ക് പറിച്ചു സ്നേഹിച്ചു..ഒരു കാലത്തും സ്വന്തം കാര്യം നോക്കാൻ നേരമില്ലാത്ത ഒരു മനുഷ്യന്റെ ഒറ്റ വിളിയിൽ വ്യാപാരികൾ പറന്നു വന്നു.. പോലീസുകാരും വ്യാപാരികളും സന്നദ്ധ പ്രവർത്തകരും ചേർന്ന് നിന്ന് ഓരോ നിർധന കുടുംബങ്ങളിലും കിറ്റുകൾ എത്തിച്ചു..കോവിഡ് കാലത്തിനും ഒരു പതിറ്റാണ്ട് മുൻപേ ഒരു പോലീസുകാരൻ നടത്തിയ കിറ്റ് വിതരണം..
തുടങ്ങി വെച്ച മിക്ക കാര്യങ്ങളും നല്ലവരായ സഹപ്രവർത്തകർ തുടർന്നത് പോലീസിന്റെ മുഖഛായ തന്നെ എത്രയോ പേരുടെ ഹൃദയങ്ങളിൽ മാറ്റി എഴുതി ..
വിദ്യാർഥികളെ കൃത്യമായി ട്രാക്ക് ചെയ്ത ഓപ്പറേഷൻ ഗുരുകുലം പദ്ധതിയുടെ ആദ്യ രൂപവും തന്റെ സ്റ്റേഷൻ പരിധിയിൽ ആദ്യമായി നടപ്പിലാക്കിയതും ഇതേ ഉദ്യോഗസ്ഥൻ തന്നെ. കുട്ടികളെ മാത്രമല്ല കുട്ടികളെ ലക്ഷ്യമാക്കി വരുന്നവരെ കൂടി കൃത്യമായി തടഞ്ഞ സംവിധാനം പിന്നെ ജില്ലയാകെ ഏറ്റെടുത്തു.ലഹരി വിരുദ്ധ ക്ലാസുകൾ, നിയമ ബോധവൽക്കരണ ക്ലാസുകൾ തുടങ്ങി ജനങ്ങളുമായി നിരന്തരം സംവദിക്കുന്ന പോലീസ്.. നിർധനയായ വിദ്യാർത്ഥിനിയ്ക്ക് വീടു വെച്ചു കൊടുക്കുവാനും ആരോരുമില്ലാത്ത അഗതി മന്ദിരങ്ങളിൽ കേക്കുമായി കടന്നു ചെല്ലുവാനും മുൻപിൽ ഒരു കാക്കിയിട്ട മനുഷ്യൻ നിന്നപ്പോൾ ആ കാക്കിയോട് ഭയവും അകൽച്ചയ്ക്കും പകരം ജനങ്ങൾക്ക് സ്നേഹവും ബഹുമാനവും കൂടുക സ്വാഭാവികം..
ഏറ്റവും ദുർബലരെ ഏറ്റവും ദൃഢമായി ചേർത്തു നിർത്തിയ പരിപാടികൾ.. പൊന്കുന്നത്തും പാലായിലും നെടുമ്പാശേരിയിലും തൃപ്പൂണിത്തുറയിലും ഫോർട്ട് കൊച്ചിയിലുമൊക്കെ ജോലി ചെയ്ത സ്ഥലങ്ങളിൽ എല്ലാം ജനം നെഞ്ചോട് ചേർത്തതും സ്ഥലം മാറ്റ സമയത്തെ വികാരപരമായ യാത്ര അയപ്പുകളും ഒരു പക്ഷേ പോലീസ് സേനയിൽ അധികം ആർക്കും അവകാശപ്പെടാൻ ആകുമെന്ന് തോന്നുന്നില്ല..
സൂര്യനെല്ലി കേസിലെ പ്രതി ധർമരാജനെ തപ്പിയെടുത്തതും (ഒപ്പം ഇറങ്ങിയ മാധ്യമ പ്രവർത്തകരെ പലപ്പോഴും വെട്ടിച്ചു കടന്നതും ) മുതൽ ഇങ്ങ് ഒടുവിൽ കേരളം ചർച്ച ചെയ്ത വിസ്മയ കേസ് വരെ നൂറ് ശതമാനം തെളിവാർന്ന അന്വേഷണ റെക്കോർഡുകൾ. വിസ്മയ ആത്മഹത്യ ചെയ്യാനുണ്ടായ സാഹചര്യം മുതൽ സ്ത്രീധന വിഷയത്തിലെ ഓരോ ഇഴകളും പിരിച്ചെടുത്തു മുറുക്കി പ്രതിക്ക് അർഹിക്കുന്ന ശിക്ഷ വാങ്ങി കൊടുക്കുമ്പോൾ അത് എങ്ങനെ ആയിരിക്കണം പോലീസ് എന്നതിന്റെ ഏറ്റവും വ്യക്തമായ ഉദാഹരണം കൂടിയാണ്.. നെഞ്ചു വിരിച്ച് നേർമയോടെ ഒരു ഉദ്യോഗസ്ഥൻ നിന്നാൽ പലതും ശരിയാകും എന്നതിന്റെ ഉദാഹരണം