തിരുവനന്തപുരം: ജാവദേക്കർ- ഇപി ജയരാജൻ കൂടിക്കാഴ്ച വിവാദം ശക്തമാകുന്നതിൽ ബിജെപിയിൽ ഒരു വിഭാഗത്തിന് അമർഷം. മറ്റ് പാർട്ടിയിലെ നേതാക്കളെ പാർട്ടിയിലെത്തിക്കാനുള്ള നീക്കങ്ങൾ പുറത്തു വരുന്നതിലാണ് അതൃപ്തി. ഓപ്പറേഷൻ ലോട്ടസിനുള്ള ശ്രമം കേരളത്തിലും തുടങ്ങിയിട്ട് നാളേറെയായെങ്കിലും പ്രമുഖരായ ആളുകളെ എത്തിക്കാനുള്ള ചർച്ചകൾ പുറത്തുവരുന്നതിൽ പാർട്ടിക്ക് ക്ഷീണമുണ്ടെന്നാണ് ഒരു വിഭാഗം പറയുന്നത്.
സംസ്ഥാനത്തെ കോൺഗ്രസ്സിലെയും സിപിഎമ്മിലെയും പല പ്രമുഖരും ബിജെപിയിലെത്തുമെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ ശക്തമാണ്. വൻതോക്കുകൾ എത്തുമെന്ന അവകാശവാദത്തിനിടെ അടുത്തിടെ എത്തിയത് പത്മജാ വേണുഗോപാലും അനിൽ ആൻറണിയുമായിരുന്നു. എന്നാൽ പാർട്ടിയിലേക്ക് വന്ന നേതാക്കളേക്കാൾ വലിയ ചർച്ചയായത് ഇപി-ജാവദേക്കർ കൂടിക്കാഴ്ചയായിരുന്നു. ശോഭയെയും അനിൽ ആൻറണിയെയും ലക്ഷ്യമിട്ടുള്ള ദല്ലാൾ നന്ദകുമാറിൻറെ ആരോപണം ശോഭ മെല്ലെ ഇപിയിലേക്ക് തിരിച്ചു വിടുകയായിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ആദ്യം സസ്പെൻസ് ഇട്ട് പിന്നെ ഇപിയുടെ പേര് ശോഭാ പറഞ്ഞതോടെ കളിമാറി. കെ.സുരേന്ദ്രനും ചർച്ച സമ്മതിച്ച് രംഗത്തെത്തി. കൂടിക്കാഴ്ചയിൽ ഇപിയുടെ വെളിപ്പെടുത്തൽ വഴി സിപിഎം കടുത്തവെട്ടിലായി. പക്ഷെ ബിജെപിയിലുമുണ്ട്. ആളെയെത്തിക്കാൻ സമിതി, വൻതുക ചോദിച്ച് ഇടനിലക്കാർ തുടങ്ങിയ വിവരങ്ങൾ പാർട്ടിക്ക് നേട്ടമല്ല, ദോഷമാണെന്ന വാദിക്കുന്നു പാർട്ടിയിലെ ഒരുവിഭാഗം ഉന്നയിക്കുന്നത്. പാർട്ടിയുടെ പ്രതിച്ഛായക്ക് ദേശീയതലത്തിൽ ഇടിവുണ്ടാക്കിയെന്നാണ് ഒരു വിമർശനം.
അതിനപ്പുറം ഇനിയാരെങ്കിലും ചർച്ചക്ക് തയ്യാറാകുമോ എന്ന പ്രശ്നവും ബാക്കിയാണ്. ചർച്ച നടത്തിയവർ തന്നെ എല്ലാം തുറന്നുപറയുന്നതിലെ വിശ്യാസ്യതാ പ്രശ്നവും വിമർശകർ ഉന്നയിക്കുന്നു. എന്നാൽ കേരളത്തിൽ എതിർ ചേരിയിലെ പ്രമുഖർ വരാൻ തയ്യാറായെന്ന വിവരം നല്ല മാറ്റത്തിന്റെ സൂചനയല്ലേ എന്നാണ് നേതൃത്വത്തിന്റെ ചോദ്യം.