മേലുകാവ് . ഗ്രാമപഞ്ചായത്ത് ഇലവീഴാപൂഞ്ചിറ മൂന്നാം വാർഡിൽ കോട്ടയം ജില്ലാ പഞ്ചായത്ത് പദ്ധതിയിൽ ഉൾപ്പെടുത്തി വൈദ്യുതി ഉപയോഗിക്കാതെ ഗ്രാവിറ്റി ഫ്ലോയിലൂടെ പൈപ്പ് ലൈൻ വഴി ശുദ്ധജലം എത്തിക്കുന്ന പദ്ധതി പൂർത്തികരിച്ച് വാർഡിലെ ജനങ്ങൾക്ക് സമർപ്പിക്കുന്നതിൻ്റെ ഉദ്ഘാടന സമ്മേളനം 2023 മാർച്ച് 19 ഞായറാഴ്ച്ച 3:30 ന് മേലുകാവ് – പെരിങ്ങാലി ജംഗ്ഷനിൽ വെച്ച് നടത്തപ്പെടുന്നു. കോട്ടയം ജില്ലാപഞ്ചായത്ത് അംഗം അഡ്വ.ഷോൺ ജോർജിൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്ന ഉദ്ഘാടന സമ്മേളനത്തിൽ കോട്ടയം ജില്ലാപഞ്ചായത്ത് പ്രസിഡൻ്റ് .കെ.വി. ബിന്ദു ഇലവീഴാപൂഞ്ചിറ വാർഡിലെ 155 കുടുംബങ്ങൾക്ക് ശുദ്ധജലം നേരിട്ട് എത്തിക്കുന്ന പദ്ധതിയുടെ സമർപ്പണഉദ്ഘാടനം നിർവഹിക്കും. ഈ ഉദ്ഘാടന സമ്മേളനത്തിൽ മേലുകാവ് ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് തോമസ്.സി. വടക്കേൽ, ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്ത് മെംബർ മറിയാമ്മ ഫെർണാണ്ടസ്, മേലുകാവ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡൻ്റ് . ഷൈനി ജോസ്, മുൻ പഞ്ചായത്ത് പ്രസിഡൻ്റുമാർ, ത്രിതല പഞ്ചായത്ത് മെംബർമാർ, സാമൂഹിക രാഷ്ട്രീയ നേതാക്കൾ, കുടുംബശ്രീ അംഗങ്ങൾ എന്നിവർ പങ്കെടുക്കും. ഇലവീഴാപൂഞ്ചിറയിലെ ശുദ്ധജല തടാകത്തിൽ നിന്ന് പൈപ്പ് ലൈൻ വഴി ഇലവീഴാപൂഞ്ചിറ വാർഡിലെ ജലക്ഷാമം രൂക്ഷമായ മേഖലകളിൽ സ്ഥാപിച്ചിരിക്കുന്ന 14 ടാങ്കുകളിൽ വെള്ളം എത്തിച്ച് അവിടെ നിന്ന് ഓരോ വീടുകളിലേയ്ക്കും ജലവിതരണം നേരിട്ട് നടത്തുന്ന രീതിയിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത് എന്ന് ഇലവീഴാപൂഞ്ചിറ വാർഡ് മെംബർ . ഷീബാമോൾ ജോസഫ് അറിയിച്ചു.