ളാക്കാട്ടൂർ:മോഷ്ടാക്കൾ വാതിൽ തുറക്കാൻ ശ്രമിച്ചാൽ വീടിനുള്ളിൽ മുഴങ്ങുന്ന അലാറം, ബ്ലൈൻഡ് സ്റ്റിക്, മുറ്റത്ത് മഴ പെയ്യുന്നത് വീടിനുള്ളിൽ അറിയിക്കുന്ന യന്ത്രം, ഇന്ത്യയുടെ സംസ്ഥാനങ്ങളെ യും അവയുടെ സ്ഥാനവും വേഗം തിരിച്ചറിഞ്ഞ് പഠിക്കുവാൻ സഹായിക്കുന്ന ഉപകരണം, ബട്ടൺ അമർത്തിയാൽ കൃത്രിമ ഉപഗ്രഹം വഹിച്ച് അന്തരീക്ഷത്തിലേക്ക് ഉയരുന്ന റോക്കറ്റ്
അങ്ങനെ നിരവധി കണ്ടു പിടുത്തങ്ങളുമായി കുട്ടിശാസ്ത്രജ്ഞൻമാരുടെ പ്രദർശനം നടന്നു. ളാക്കാട്ടൂർ എംജിഎം എൻഎസ്എസ് ഹയർ സെക്കണ്ടറി സ്കൂളിലെ നല്ലപാഠം ലിറ്റിൽ സയൻറിസ്റ്റുകൾ നടത്തിയ ശാസ്ത്ര പ്രദർശനം ശ്രദ്ധേയമായി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓരോ ഉപകരണങ്ങളും എങ്ങനെ പ്രവർത്തിക്കുന്നു എന്നും നിർമ്മാണ രീതികളും വിദ്യാർത്ഥികൾ പ്രദർശനത്തിൽ വിവരിച്ചു.
ബാറ്ററികളും ചെറിയ ഇലക്ട്രോണിക് ഉപകരണങ്ങളും സംയോജിപ്പിച്ച് കുട്ടികൾ തയ്യാറാക്കിയ ഉപകരണങ്ങളായിരുന്നു പ്രദർശനത്തിന് എത്തിച്ചിരുന്നത്. ശാസ്ത്ര രംഗത്ത് അഭിരുചി വളർത്തുവാൻ നല്ലപാഠം ക്ലബ്ബിൻ്റെ നേതൃത്വത്തിൽ രൂപീകരിച്ചതാണ് ലിറ്റിൽ സയൻ്റിസ്റ്റ് പദ്ധതി. പദ്ധതി പ്രകാരം ഓരോ മാസവും ഒരു നിശ്ചിത ദിവസം വിദ്യാർത്ഥികൾക്ക് നൂതനമായ പ്രവർത്തനങ്ങൾ സ്കൂളിൽ എത്തിക്കുവാനും പ്രദർശനം നടത്തുവാനും സാധിക്കും. വിദ്യാർത്ഥികളുടെ പ്രവർത്തനങ്ങൾക്ക് രക്ഷകർത്താക്കളുടേയും അദ്ധ്യാപകരുടേയും പിന്തുണയും ഉണ്ട്. പ്രധാന അദ്ധ്യാപിക സ്വപ്ന ബി നായർ പദ്ധതി ഉദ്ഘാടനം ചെയ്തു. വിദ്യാർത്ഥികളായ ശരത് മോൻ, അർഷ് അജീഷ്, അഭിനവ് രാജേഷ്, അക്ഷയ് അനീഷ് എന്നിവർ തയ്യാറാക്കിയ ഉപകരണങ്ങളാണ് ഈ മാസത്തെ പ്രദർശനത്തിൽ ഉൾപ്പെടുത്തിയിരുന്നത്.