തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ ദുരുപയോഗം ചെയ്തു : മൂന്നുപേർക്കെതിരെ  പോലീസ് കേസെടുത്തു

പത്തനംതിട്ട : ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹികമാധ്യമങ്ങൾ ദുരുപയോഗം ചെയ്ത മൂന്നുപേർക്കെതിരെ കേസെടുത്ത് പോലീസ്. തിരുവല്ല പോലീസ് സ്റ്റേഷനിൽ രണ്ടുകേസുകളും പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ ഒരു കേസുമാണ് രജിസ്റ്റർ ചെയ്തത്. തിരുവല്ലയിലെ ഒരു കേസ്, സംസ്ഥാന മുഖ്യതിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ എം കൗളിനെ വാട്സാപ്പിലൂടെ ഭീഷണിപ്പെടുത്തിയതിനും അധിക്ഷേപിച്ചതിനും ഈമാസം 6 ന് എടുത്തതാണ്. മറ്റൊരു കേസ് ആവട്ടെ, എം എൽ എ മാത്യു ടി തോമസിന്റെ മൊഴിപ്രകാരം ഈമാസം രണ്ടിന് രജിസ്റ്റർ ചെയ്തതാണ്. ഇലക്ട്രോണിക് വോട്ടിങ് മെഷീനെ സംബന്ധിച്ച് പൊതുജനങ്ങൾക്കിടയിൽ തെറ്റിദ്ധാരണയുണ്ടാക്കും വിധം ഫേസ്ബുക്കിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചതിന്  ഏപ്രിൽ ഒന്നിന് പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ   രജിസ്റ്റർ ചെയ്ത കേസാണ് മൂന്നാമത്തേത്. തിരുവല്ല പെരിങ്ങര സ്വദേശിയാണ് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ സഞ്ജയ്‌ എം കൗളിനെ അദ്ദേഹത്തിന്റെ ഔദ്യോഗിക വാട്സാപ്പ് നമ്പരിലേക്ക് ഭീഷണിപ്പെടുത്തുന്നതും അധിക്ഷേപകരമായതുമായ സന്ദേശങ്ങൾ ഏപ്രിൽ 5 ന് അയച്ചത്. 

Advertisements

ഇതുസംബന്ധിച്ച് അദ്ദേഹം സംസ്ഥാന പോലീസ് മേധാവിയ്ക്കും സൈബർ ഓപ്പറേഷൻസ് പോലീസ് സൂപ്രണ്ടിനും പരാതി അയച്ചിരുന്നു. തുടർന്ന്, ജില്ലാ പോലീസ് മേധാവി വി അജിത് ഐ പി എസ് മുഖേന തിരുവല്ല ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ്സ്‌ മജിസ്‌ട്രേറ്റ് കോടതിയുടെ ചാർജ് ഉള്ള പത്തനംതിട്ട ജെ എഫ് എം സി ഒന്ന് കോടതിയുടെ ഉത്തരവ് പ്രകാരം തിരുവല്ല പോലീസ് ഇൻസ്‌പെക്ടർ ബി കെ സുനിൽ കൃഷ്ണൻ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു.എം എൽ എ മാത്യു ടി തോമസിനും അദ്ദേഹം പ്രതിനിധാനം ചെയ്യുന്ന പാർട്ടിക്കും അവമതിപ്പ് ഉണ്ടാക്കുന്ന തരത്തിൽ ഒരു മൊബൈൽ നമ്പരിൽ നിന്നും എവിടെയോ നിന്നെടുത്ത അദ്ദേഹത്തിന്റെയും സംസ്ഥാന വൈദ്യുതി വകുപ്പ് മന്ത്രിയുടെയും ഫോട്ടോകൾ യാഥാർഥമെന്ന വ്യാജേന കൃത്രിമമായി, ബാംഗ്ലൂർ റൂറൽ മണ്ഡലത്തിൽ നിന്നുള്ള എൻ ഡി എ സ്ഥാനാർഥിയുടെ പ്രചാരണപോസ്റ്ററിൽ ഒട്ടിച്ച് പ്രചരിപ്പിച്ചതിന് ഒരാൾക്കെതിരെ കേസെടുത്തു. വ്യാജ വാട്സാപ്പ് ഗ്രൂപ്പിലൂടെ മാർച്ച് 29 നാണ് പോസ്റ്റർ പ്രചരിപ്പിച്ചത്. മാത്യു ടി തോമസും വൈദ്യുതിവകുപ്പ് മന്ത്രിയും പ്രതിനിധീകരിക്കുന്ന രാഷ്ട്രീയകക്ഷിയുടെ കേരളത്തിലെ ഘടകം ഭരണമുന്നണിയുടെ ഭാഗമായിരിക്കെ, കേന്ദ്രം ഭരിക്കുന്ന മുന്നണിയുടെ ഭാഗമാണെന്ന് വരുത്തി തെറ്റിദ്ധാരണ സൃഷ്ടിക്കാനുദ്ദേശിച്ചാണ് ഇവ പ്രചരിപ്പിച്ചതെന്ന പരാതിയെതുടർന്ന് തിരുവല്ല പോലീസ് കേസെടുക്കുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഇലക്ട്രോണിക് വോട്ടിങ് മെഷീനെപ്പറ്റി തെറ്റിദ്ധാരണ പരത്തും വിധം ഫെബ്രുവരി 28 ന് ഫേസ്ബുക്കിലൂടെ വ്യാജസന്ദേശം പ്രചരിപ്പിച്ചയാളെ പ്രതിയാക്കി, ഏപ്രിൽ ഒന്നിന് പത്തനംതിട്ട പോലീസ് ഇൻസ്‌പെക്ടർ ആർ രഗീഷ്കുമാർ രജിസ്റ്റർ ചെയ്ത കേസ് ആണ് മൂന്നാമത്തേത്.  സൈബർ ഓപ്പറേഷൻസ് പോലീസ് സൂപ്രണ്ട് കൈമാറിയ വിവരത്തെതുടർന്ന് ജില്ലാ പോലീസ് മേധാവിയുടെ നിർദേശപ്രകാരമാണ് പോലീസ് നടപടി.’ ഇലക്ഷൻ കമ്മീഷൻ ഓഫ് ഇന്ത്യ ‘ എന്നപേരിലുള്ള ഫേസ്ബുക് ഗ്രൂപ്പിലാണ് തെറ്റായ സന്ദേശം പരത്തിയത്. ഈ ഗ്രൂപ്പിലെ സ്വകാര്യ വ്യക്തിയുടെ പേരിലുള്ള അക്കൗണ്ട് പോലീസ് പരിശോധിച്ചപ്പോൾ ഇംഗ്ലീഷിലുള്ള വ്യാജസന്ദേശം കണ്ടെത്തുകയും, പോസ്റ്റിന്റെ ലിങ്കും പ്രൊഫൈലിന്റെ ഉടമയെയും തിരിച്ചറിഞ്ഞു കേസെടുക്കുകയുമായിരുന്നു. തിരഞ്ഞെടുപ്പ് മാനദണ്ഡങ്ങൾ ലംഘിച്ചതിനാണ് കേസ്. 

കേസുകളിൽ വിശദമായ അന്വേഷണത്തിന് ജില്ലാ പോലീസ് മേധാവി നിർദേശിച്ചതിനെതുടർന്ന് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. സമൂഹത്തിൽ തെറ്റിദ്ധാരണ പരത്തുകയും, സാമൂഹിക മാധ്യമങ്ങൾ തെറ്റായ കാര്യങ്ങൾക്ക് ദുരുപയോഗം ചെയ്യുകയും ചെയ്യുന്ന സാഹചര്യങ്ങളിൽ ശക്തമായ നിയമനടപടികൾ തുടരുമെന്നും, ജില്ലാ പോലീസ് ആസ്ഥാനത്ത് പ്രവർത്തിക്കുന്ന സോഷ്യൽ മീഡിയ മോണിറ്ററിങ് സെല്ലിലൂടെ ഇക്കാര്യങ്ങൾ കർശനമായി നിരീക്ഷിച്ചുവരുന്നുണ്ടെന്നും ജില്ലാ പോലീസ് മേധാവി പറഞ്ഞു. ലോക്സഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് സാമൂഹിക മാധ്യമങ്ങൾ വഴി രാഷ്ട്രീയ പരമായോ  സാമൂഹികമായോ ജാതി മതപരമായോ വ്യക്തികളെയോ സംഘടനകളെയോ അപകീർത്തിപ്പെടുത്തുന്നതും,  പരസ്പര വിദ്വേഷമുണ്ടാക്കുന്നതുമായ വിവരങ്ങൾ പ്രസിദ്ധീകരിക്കുന്നതും പ്രചരിപ്പിക്കുന്നതും തടയുക ലക്ഷ്യമാക്കിയാണ് സെൽ പ്രവർത്തിക്കുന്നത്.  ഇത്തരം കാര്യങ്ങൾ ശ്രദ്ധയിൽപ്പെട്ടാൽ പൊതുജനങ്ങൾക്ക് 9497942703 എന്ന വാട്സാപ്പ് നമ്പരിൽ ജില്ലാ പോലീസ്  ആസ്ഥാനത്ത് പ്രവർത്തിക്കുന്ന പോലീസ് സോഷ്യൽ മീഡിയ മോണിറ്ററിങ്  സെല്ലിൽ അറിയിക്കാം. പോലീസിന് വിവരങ്ങൾ കൈമാറുന്നവരെ സംബന്ധിച്ച വ്യക്തി വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കും. ഇന്ത്യൻ ശിക്ഷാനിയമം, ജനപ്രാതിനിധ്യനിയമം, തിരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടങ്ങൾ തുടങ്ങിയ നിയമവകുപ്പുകൾ പ്രകാരമുള്ള നടപടികൾ തുടരുമെന്നും ജില്ലാ പോലീസ് മേധാവി അറിയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.