മുണ്ടക്കയം: കുട്ടിക്കൊമ്പനുമായി കാടിറങ്ങിയെത്തിയ കാട്ടാനക്കൂട്ടം മുണ്ടക്കയത്ത് കാറിനു മുന്നിലെത്തി. റോഡ് മുറിച്ച് കടന്ന് റബർതോട്ടത്തിലേയ്ക്കു കയറിയ ആനക്കൂട്ടം അരമണിക്കൂറോളം ഇവിടെ നിലയുറപ്പിച്ചു. ഇതോടെ നാട്ടുകാരും ഭീതിയിലായി. കഴിഞ്ഞ ഒരു മാസക്കാലമായി മുണ്ടക്കയം,എരുമേലി പഞ്ചായത്തുകളുടെ വനാതിർത്തി മേഖലയിൽ ഭീതിവിതച്ച പുലിശല്യത്തിന് ഒരുവിധത്തിൽ പരിഹാരമായപ്പോഴാണ് ആനക്കൂട്ടം വീണ്ടും ഇവിടെ ഇറങ്ങിയത്. സമീപ പ്രദേശമായ കണ്ണിമലയിലെ പ്രദേശവാസികൾക്ക് ഭീതിയായാണ് ഇപ്പോൾ കാട്ടാനക്കൂട്ടം എത്തിയത്.
പുലിക്കുന്ന് ടോപ്പിൽ ചിറക്കൽ സുധന്‍റെ വീടിനോടു ചേർന്നു വനംവകുപ്പ് ഒരുക്കിയ കെണിയിൽ കഴിഞ്ഞ ദിവസം പുലി വീഴുകയും, പെരിയാർ ടൈഗർ റിസർവിന്‍റെ ഭാഗമായ കുമളി കോഴിക്കാനത്ത് എത്തിക്കുകയും, പുലിയെ രാത്രി ഉൾവനത്തിൽ തുറന്ന് വിടുകയും ആയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണിമല പള്ളിയുടെ ഭാഗത്ത് കാട്ടാനക്കൂട്ടം ഇറങ്ങിയത്. മേലെയിലെ കൃഷികളും നശിപ്പിച്ചു. കണ്ണിമല പുരയിടത്തിൽ ജോഷിയുടെ ഭാര്യ മഞ്ജുവും കുടുംബവും സഞ്ചരിച്ച കാറിന്റെ മുന്നിലൂടെയാണ് കുട്ടിയാന ഉൾപ്പെടെ ആനക്കൂട്ടം റോഡ് ക്രോസ് ചെയ്തു പോയത്. പെട്ടെന്ന് കണ്ടതോടെ ഇവരും ഭീതിയിലായി. പിന്നീട് കാറിന്റെ ഓണടിച്ചും ലൈറ്റ് അടിച്ചുമാണ് ഇവർ സുരക്ഷിതരായത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വനാതിർത്തി പങ്കിടുന്ന പുലിക്കുന്ന്, കുളമാക്കൽ, കണ്ണിമല മേഖലയിൽ കാട്ടാനശല്യത്തിനു യാതൊരു പരിഹാരവുമില്ല. കഴിഞ്ഞ രണ്ടു മാസമായി മേഖലയിൽ ആനക്കൂട്ടം തമ്പടിച്ചു കൃഷി നശിപ്പിക്കുകയാണ്. നിരവധി കുടുംബങ്ങൾ താമസിക്കുന്ന ജനവാസ മേഖലയിലാണ് ആനക്കൂട്ടം വ്യാപകമായി കൃഷി നശിപ്പിക്കുന്നത്. എല്ലാ വന്യമൃഗങ്ങളും നാട്ടിൽ ഇറങ്ങിയതോടെ ജീവിക്കാൻ പോലും കഴിയാത്ത അവസ്ഥയിലാണ് പ്രദേശവാസികൾ.
പൂഞ്ഞാർ-എരുമേലി സംസ്ഥാന പാതയോടു ചേർന്നുള്ള പുരയിടത്തിൽ വരെ കാട്ടാനയുടെ സാന്നിധ്യമുണ്ട്. കഴിഞ്ഞ ദിവസം രാത്രിയിലും കാട്ടാനക്കൂട്ടം കണ്ണിമല മേഖലയിൽ ഇറങ്ങി വ്യാപകമായി കൃഷി നശിപ്പിച്ചിരുന്നു.
പൂഞ്ഞാർ നിയോജക മണ്ഡലത്തിന്‍റെ വനാതിർത്തി പങ്കിടുന്ന 30 കിലോമീറ്റർ ദൂരത്തിൽ വന്യമൃഗങ്ങൾ ജനവാസ മേഖലയിൽ ഇറങ്ങാതിരിക്കാൻ മതിയായ സംവിധാനം ഒരുക്കുമെന്നു സെബാസ്റ്റ്യൻ കുളത്തുങ്കൽ എംഎൽഎ പറഞ്ഞു. സോളാർ വേലിയും കിടങ്ങുകൾ അടക്കമുള്ള സംവിധാനമാണ് ഒരുക്കുക. ഇതിനുള്ള പ്രാരംഭ നടപടി ആരംഭിച്ചെന്നും ഇത്രയും വേഗത്തിൽ ഇതിനുള്ള ഫണ്ട് കണ്ടെത്തി നിർമാണം ആരംഭിക്കുമെന്നും അദ്ദേഹം പറഞ്ഞു.