കോട്ടയം: എലിക്കുളം തമ്പലക്കാട് മഞ്ചക്കുഴിയിൽ അമോണിയ കലർന്ന റബർ പാൽ കയറ്റിയ ടാങ്കർ ലോറി മറിഞ്ഞ് മിശ്രിതം കലർന്ന ജലാശയത്തിന് സമീപമുള്ള കിണറുകളിലെയും കുടിവെള്ള പദ്ധതികളിലെയും ജലം പരിശോധിക്കും. സ്ഥിതിഗതികൾ വിലയിരുത്താൻ ജില്ലാ കളക്ടർ വി. വിഗ്നേശ്വരിയുടെ അധ്യക്ഷതയിൽ കളക്ട്രേറ്റിൽ ചേർന്ന ഉദ്യോഗസ്ഥതല യോഗത്തിലാണ് തീരുമാനം. മിശ്രിതം കലർന്ന ജലാശയത്തിന്റെ ഇരുകരകളിലും പത്തുമീറ്റർ ചുറ്റളവിലുള്ള കിണറുകളിലെ ജലവും ജലംഒഴുകിയെത്താനിടയുള്ള കൊഴുവനാൽ, എലിക്കുളം, മുത്തോലി, മീനച്ചിൽ പഞ്ചായത്തുകളിലെ കുടിവെള്ള പദ്ധതികളുടെ സ്രോതസിലെ ജലവും ജലഅതോറ്റിയുടെ നേതൃത്വത്തിൽ ഒക്ടോബർ 14,15 ശനിയും ഞായറും പരിശോധിക്കും.
കൊഴുവനാൽ, എലിക്കുളം, മുത്തോലി, മീനച്ചിൽ പഞ്ചായത്തുകൾ പൊതുജനങ്ങളിൽനിന്ന് സാമ്പിൾ ശേഖരിച്ച് പരിശോധനയ്ക്ക് എത്തിക്കാനുള്ള നടപടി സ്വീകരിക്കാൻ നിർദ്ദേശം നൽകി. പാലാ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ, കോട്ടയം വടവാതൂർ ക്വാളിറ്റി കൺട്രോൾ വിഭാഗം ഓഫീസുകളിലാണ് പരിശോധന നടക്കുക. ആവശ്യമെങ്കിൽ പൊതുജനങ്ങൾക്ക് നേരിട്ട് ജലത്തിന്റെ സാമ്പിൾ എത്തിച്ച് പരിശോധന നടത്താം. എലിക്കുളം പഞ്ചായത്ത് ഓഫീസിൽ ഭക്ഷ്യസുരക്ഷ വകുപ്പിന്റെ മൊബൈൽ പരിശോധന യൂണിറ്റ് കുടിവെള്ള പരിശോധന നടത്തും. ജലപരിശോധനയ്ക്കായി പഞ്ചായത്ത് ഓഫീസുകൾ അവധി ദിവസങ്ങളിലും പ്രവർത്തിക്കാൻ ജില്ലാ കളക്ടർ നിർദ്ദേശം നൽകി. ആരോഗ്യവകുപ്പ്, ഭൂജലവകുപ്പുകൾ പ്രദേശത്ത് പരിശോധന നടത്തിയിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഒക്ടോബർ 16 തിങ്കളാഴ്ച രാവിലെ 11ന് വിവിധ വകുപ്പ് ഉദ്യോഗസ്ഥർ, പഞ്ചായത്ത് സെക്രട്ടറിമാർ, വിദഗ്ധർ എന്നിവരുടെ യോഗം വീണ്ടും ചേരും. യോഗത്തിൽ അഡീഷണൽ ജില്ലാ മജിസ്ട്രേറ്റ് ജി. നിർമ്മൽ കുമാർ, മലിനീകരണ നിയന്ത്രണബോർഡ്-ജലഅതോറിറ്റി-ആരോഗ്യം-ഭൂജലം-ഭക്ഷ്യസുരക്ഷ വകുപ്പ് ഉദ്യോഗസ്ഥരും മഹാത്മാഗാന്ധി സർവകലാശാലയിൽ നിന്നുള്ള വിദഗ്ധർ എന്നിവർ പങ്കെടുത്തു.