എലിക്കുളത്ത് ഓപ്പൺ ജിം തുറന്നു: ‘നിറവ് @ 60 പ്ലസ് ഓപ്പൺ ജിം തുറന്നത് ആരോഗ്യ സംരക്ഷണത്തിന്

കോട്ടയം: സ്വസ്ഥമായി ചെന്നിരിക്കാനും കളിക്കാനും മാത്രമല്ല ഇനി വ്യായാമം ചെയ്യാനും എലിക്കുളം ഗ്രാമപഞ്ചായത്തിൽ സൗകര്യമുണ്ട്. പൊതുജനങ്ങൾക്കും, പ്രത്യേകിച്ച് വയോജനങ്ങൾക്കുമായി ‘നിറവ് @ 60 പ്ലസ് ഓപ്പൺ ജിം’ ഒരുക്കി ആരോഗ്യ സംരക്ഷണം ഉറപ്പാക്കുകയാണ് എലിക്കുളം ഗ്രാമപഞ്ചായത്ത്.
പഞ്ചായത്തിന്റെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി രണ്ട് ലക്ഷം രൂപ വിനിയോഗിച്ചാണ് ഓപ്പൺ ജിംനേഷ്യം സജ്ജമാക്കിയിട്ടുള്ളത്. ഇളങ്ങുളത്തെ നാലാം മൈൽ വഴിയോര വിശ്രമ കേന്ദ്രത്തിനടുത്ത് സ്ഥിതി ചെയ്യുന്ന ഹാപ്പിനസ് പാർക്കിലാണ് ഓപ്പൺ ജിം തുറന്നത്. രണ്ട് ഫിറ്റ്‌നസ് എക്‌സർസൈസ് സൈക്കിളുകൾ, രണ്ട് മാനുവൽ ലെഗ് പ്രെസ്സ് റോവർ മെഷീനുകൾ, ഒരു ഔട്ട്‌ഡോർ എയർ വാക്കർ, ഡബിൾ വീൽ ഷോൾഡർ, ക്രോസ് വാക്കർ, ട്രിപ്പിൾ വാക്കർ എന്നീ ഉപകരണങ്ങളാണ് സ്ഥാപിച്ചിട്ടുള്ളത്.
ഓപ്പൺ ജിമ്മിന്റെ ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഹേമലത പ്രേംസാഗർ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജിമ്മി ഈറ്റത്തോട്ട് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷരായ അഖിൽ അപ്പുക്കുട്ടൻ, ഷേർലി അന്ത്യാംകുളം, ഗ്രാമപഞ്ചായത്തംഗങ്ങളായ സെൽവി വിൻസൺ, മാത്യൂസ് മാത്യു, സിനി ജോയ്, ആശാമോൾ, ദീപ ശ്രീജേഷ്, ജെയിംസ് ചാക്കോ, ഗ്രാമപഞ്ചായത്ത് സെക്രട്ടറി മാർട്ടിൻ ജോർജ്, ഐ.സി.ഡി.എസ് സൂപ്പർവൈസർ ചിന്തു ടി.കുട്ടപ്പൻ, നിറവ് @ 60 പ്ലസ് സംഘടനയുടെ പ്രസിഡന്റ് കെ.എൻ. രാധാകൃഷ്ണപിള്ള, സെക്രട്ടറി പി. വിജയൻ എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles