കോട്ടയം: ഇ.പി. ജയരാജനെതിരെ രൂക്ഷ വിമര്‍ശനവുമായി സി.പി.എം കോട്ടയം ജില്ലാ സമ്മേളനം. ഇ.പി ജയരാജന്റെ നിലപാടുകള്‍ പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയെന്നു സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചര്‍ച്ചയിലാണു പ്രതിനിധികള്‍ ആരോപിച്ചത്. അനവസരത്തിലുള്ള ഇ.പിയുടെ പ്രതികരണങ്ങള്‍ പാര്‍ട്ടിയെയും മുന്നണിയെയും പ്രതിരോധത്തിലേക്ക് തള്ളിവിട്ടു. ലോക്‌സഭാ വോട്ടെടുപ്പ് ദിവസം ഇ.പി. എതിരാളികള്‍ക്ക് ആയുധം നല്‍കുന്ന വിവാദങ്ങള്‍ സൃഷ്ടിച്ചു.കേരള ചുമതലയുള്ള ബി.ജെ.പി. പ്രഭാരി പ്രകാശ് ജാവഡേക്കറുമായി കൂടിക്കാഴ്ച നടത്തിയ കാര്യം വോട്ടെടുപ്പുദിനം രാവിലെ മാധ്യമങ്ങള്‍ക്കു മുന്നിലെത്തി സ്ഥിരീകരിച്ചു.
പാലക്കാട് അടക്കം വാശിയേറിയ പോരാട്ടം നടക്കുന്ന ഉപതെരഞ്ഞെടുപ്പുകള്‍ക്കിടെയിലും ഇ.പി. വിവാദങ്ങള്‍ ആവർത്തിച്ചു. എന്നാല്‍, വിവാദങ്ങള്‍ ഉണ്ടാക്കിയ ശേഷം തിരുത്തല്‍ നടപടികള്‍ ഉള്‍ക്കൊള്ളാന്‍ പോലും ഇ.പിയെ പോലുള്ള നേതാക്കള്‍ തയ്യാറാകുന്നില്ലെന്നും അംഗങ്ങള്‍ വിമര്‍ശനം ഉന്നയിച്ചു. മുതര്‍ന്ന നേതാവ് എ.കെ ബാലന്റെ ചില പ്രതികരണങ്ങളും പാര്‍ട്ടിയെ പൊതുസമൂഹത്തില്‍ പരിഹാസ്യമാക്കിയെന്നും അംഗങ്ങള്‍ ചൂണ്ടിക്കാണിച്ചു. എം.വി ഗോവിന്ദന്‍ തദ്ദേശ വകുപ്പ് കൈകാര്യം ചെയ്ത നിലയിലേക്കു പ്രവര്‍ത്തനം എത്തിക്കാന്‍ നിലവിലെ മന്ത്രി എം.ബി രാജേഷിനു കഴിയുന്നില്ല. കെ- സ്മാര്‍ട്ട് പോലെ വിപ്ലവകരമായ പദ്ധതികള്‍ കൊണ്ടുവന്നിട്ടും സാധ്യതകള്‍ പൂര്‍ണമായി പ്രയോജനപ്പെടുത്താന്‍ മന്ത്രിക്കു കഴിയുന്നില്ലെന്നും വിമര്‍ശനം ഉയര്‍ന്നു.മന്ത്രി വി.എന്‍ വാസവനെ മുഴുവന്‍ ഏരിയകളില്‍ നിന്നുമുള്ള പ്രതിനിധികള്‍ പ്രശംസിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വിവാദങ്ങളുടെ നടുവില്‍ ആയിരുന്ന സഹകരണവകുപ്പിനെയും പിന്നീട് ദേവസ്വം വകുപ്പിനെയും മികവുറ്റ രീതിയില്‍ മുന്നോട്ടു കൊണ്ടുപോകാന്‍ വാസവനു കഴിഞ്ഞു എന്നും പ്രതിനിധികള്‍ പറഞ്ഞു.ചര്‍ച്ചയില്‍ മറുപടി പറഞ്ഞ സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍ കേരള കോണ്‍ഗ്രസ് (എം) ബന്ധം ദൃഢമായി മുന്നോട്ടു കൊണ്ടുപോകണമെന്നു നിര്‍ദേശിച്ചു. കടുത്തുരുത്തിയിലും പാലായിലും അടുത്ത തവണ വിജയിക്കാന്‍ തക്ക രീതിയിലുള്ള പ്രവര്‍ത്തനം ആവശ്യമാണ്, ജയിച്ചേ തീരൂ എന്നും ഗോവിന്ദന്‍ നിര്‍ദേശിച്ചു. പാലായിലെയും കാഞ്ഞിരപ്പള്ളിയിലെയും വിഭാഗീയത ഒരുതരത്തിലും മുന്നോട്ടു കൊണ്ടു പോകാന്‍ കഴിയുകയില്ലെന്നും അദ്ദേഹം പറഞ്ഞു. ജില്ലാ സമ്മേളനം ഞായറാഴ്ച അവസാനിക്കും. വൈകിട്ടു നടക്കുന്ന മാര്‍ച്ചിനു ശേഷം ചേരുന്ന പൊതുസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും.