കോട്ടയം: ഈരാറ്റുപേട്ടയിൽ അഞ്ചു കിലോമീറ്റർ ചുറ്റളവിൽ ഏഴു എ.ഐ ക്യാമറ സ്ഥാപിച്ചതിൽ പ്രതിഷേധവുമായി കോൺഗ്രസ്. കർഷക കോൺഗ്രസും യൂത്ത് കോൺഗ്രസും കോൺഗ്രസ് മണ്ഡലം കമ്മിറ്റിയുമാണ് പ്രതിഷേധവുമായി രംഗത്ത് എത്തിയിരിക്കുന്നത്. ബുധനാഴ്ച ഈരാറ്റുപേട്ട വാഗമൺ റോഡിന്റെ ഉദ്ഘാടനത്തിനായി മന്ത്രി പി.എ മുഹമ്മദ് റിയാസ് എത്തുമ്പോൾ പ്രതിഷേധം പ്രകടിപ്പിക്കാനാണ് കോൺഗ്രസ് തയ്യാറെടുക്കുന്നത്. ഇതിന്റെ ഭാഗമായി ഈരാറ്റുപേട്ട ടൗണിലും പരിസര പ്രദേശത്തും പ്രവർത്തകരുടെ നേതൃത്വത്തിൽ ഫ്ളക്സ് ബോർഡുകൾ സ്ഥാപിച്ചു. നിങ്ങൾ പിണറായിയുടെ അഴിമതി ക്യാമറ നിരീക്ഷണത്തിലാണ് – എന്നെഴുതിയ ഫ്ളക്സ് ബോർഡുകളാണ് ഇപ്പോൾ ഈരാറ്റുപേട്ടയിൽ മുഴുവൻ കോൺഗ്രസ് പ്രവർത്തകർ സ്ഥാപിച്ചിരിക്കുന്നത്.