ഈരാറ്റുപേട്ട: സ്കൂൾ – കോളേജ് വിദ്യാർത്ഥികളും യുവാക്കൾക്കും വിൽക്കാനെത്തിച്ച കഞ്ചാവുമായി യുവാവ് പിടിയിൽ. ഈരാറ്റുപേട്ട നടയ്ക്കൽ പത്താഴപ്പടി ഭാഗത്ത് കൊല്ലംപറമ്പിൽ വീട്ടിൽ അനസ് മകൻ അൽത്താഫ് (20) എന്നയാളെയാണ് ഈരാറ്റുപേട്ട പൊലീസ് അറസ്റ്റ് ചെയ്തത്. കോട്ടയം ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽലഹരി വസ്തുക്കളുടെ വിൽപന തടയുന്നതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് പത്താഴപ്പടി ഭാഗത്തു വച്ച് വിൽപനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി യുവാവിനെ പിടികൂടിയത്.
ഇയാൾക്ക് കഞ്ചാവ് എത്തിച്ചു കൊടുക്കുന്നവരുടെ വിവരങ്ങൾ ശേഖരിച്ചു വരികയാണെന്നും അവർക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുന്നതാണെന്നും ജില്ലാ പൊലീസ് മേധാവി കെ. കാർത്തിക്ക് അറിയിച്ചു. ഈരാറ്റുപേട്ട സ്റ്റേഷൻ ഹൗസ് ഓഫിസർ ഇൻസ്പെക്ടർ ബാബു സെബാസ്റ്റ്യൻ, സബ്ബ് ഇൻസ്പെക്ടർ വിഷ്ണു വി.വി, സിവിൽ പോലീസ് ഓഫീസർമാരായ ജോബി ജോസഫ്, ശരത്കൃഷ്ണദേവ്, ജിനു. ജി നാഥ് എന്നിവരടങ്ങുന്ന സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.