എരുമേലി : എരുമേലി കണമല അട്ടിവളവിൽ അയ്യപ്പഭക്തരുടെ ബസ് അപകടത്തിൽപ്പെട്ട് കർണാടക സ്വദേശിയായ അയ്യപ്പഭക്തന് ദാരുണാന്ത്യം. കർണാടക സ്വദേശിയായ മാരുതി ഹരിഹരൻ ആണ് മരിച്ചത്. ഇന്ന് പുലർച്ചയായിരുന്നു അപകടം. കർണാടകയിൽ നിന്നും ശബരിമലയിലേക്ക് വരികയായിരുന്നു 35 അംഗസംഘം സഞ്ചരിച്ച ബസ്സാണ് അപകടത്തിൽപ്പെട്ടത്. എരുമേലി കാണാമല അട്ടിവളവിൽ നിയന്ത്രണം നഷ്ടമായ ബസ് റോഡ് അരികിൽ നിന്നും താഴേക്ക് തല കീഴായി പതിക്കുകയായിരുന്നു. റോഡരികിലെ മരത്തിൽ തങ്ങിനിന്നതിനാൽ കൊക്കയിലേക്ക് വാഹനം പതിക്കാതെ വൻ അപകടം ഒഴിവായി. അപകടത്തെ തുടർന്ന് ബസ് പൂർണമായും തകർന്നു. ഓടികൂടിയ നാട്ടുകാരും പോലീസും സേനയും ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്. ആശുപത്രിയിൽ എത്തിച്ചെങ്കിലും അയ്യപ്പഭക്തൻ മരിച്ചിരുന്നു. അപകട വിവരം അറിഞ് എരുമേലി പോലീസ് സ്ഥലത്തെത്തിയിട്ടുണ്ട്. പരുക്കേറ്റവരെ ആശുപത്രികളിലേയ്ക്ക് മാറ്റി. ബസുയർത്താനുള്ള ശ്രമം നടന്നു വരികയാണ്.ആശുപത്രികളിലുള്ള ചിലരുടെ പരുക്ക് ഗുരുതരമാണെന്നാണ് സൂചന.



