ഏറ്റുമാനൂർ: രണ്ടായിരത്തിന്റെ നോട്ട് നിരോധിച്ചെന്ന നിർദേശം വന്നതിനു പിന്നാലെ രണ്ടായിരം രൂപ നോട്ട് സ്വീകരിക്കില്ലെന്ന പ്രഖ്യാപനവുമായി പെട്രോൾ പമ്പ്. കോട്ടയം ഏറ്റുമാനൂർ പേരൂർ ചെറുവാണ്ടൂർ പെട്രോൾ പമ്പ് ജീവനക്കാരാണ് രണ്ടായിരം രൂപ സ്വീകരിക്കില്ലെന്ന പ്രഖ്യാപനം നടത്തിയത്. ഇതോടെ ഇന്ധനം നിറയ്ക്കാൻ പമ്പിൽ എത്തിയവർ ആശയക്കുഴപ്പത്തിലായി.
വെള്ളിയാഴ്ച വൈകിട്ടോടെയാണ് രണ്ടായിരം രൂപ നോട്ടുകൾ പിൻവലിച്ച വിവരം റിസർവ് ബാങ്ക് ഓഫ് ഇന്ത്യ പ്രഖ്യാപിച്ചത്. നോട്ട് സെപ്റ്റംബർ 30 മുതൽ വാലിഡ് ആകില്ലെന്നും പ്രഖ്യാപിച്ചിരുന്നു. സെപ്റ്റംബർ 30 വരെ ഈ നോട്ട് സാധാരണ പോലെ തന്നെ ഉപയോഗിക്കാമെന്നും, ഇതിനു മുൻപ് തന്നെ ബാങ്കുകളിൽ നേരിട്ട് നൽകിയോ, അക്കൗണ്ട് വഴിയോ മാറിയെടുക്കാമെന്നും റിസർവ് ബാങ്ക് ഓഫ് ഇന്ത്യ നിർദേശിച്ചിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാൽ, ഈ വിവരം പുറത്ത് വന്നിട്ടും രണ്ടായിരത്തിന്റെ നോട്ട് സ്വീകരിക്കില്ലെന്ന നിലപാടാണ് ഏറ്റുമാനൂർ പേരൂർ ചെറുവാണ്ടൂരിലെ പെട്രോൾ പമ്പ് സ്വീകരിച്ചത്. ഇതിനെതിരെ ഇവിടെ എത്തിയവർ പ്രതിഷേധിച്ചു. എന്നാൽ, പമ്പ് ഉടമ അറിയിച്ചിട്ടുണ്ടെന്നും അതുകൊണ്ടു രണ്ടായിരം രൂപയുടെ നോട്ട് സ്വീകരിക്കാൻ നിർവാഹമില്ലെന്നുമാണ് ജീവനക്കാർ അറിയിച്ചത്. ഇതോടെ പലരും രണ്ടായിരം രൂപ നോട്ട് മാറി നൽകുകയും, ചിലർ ഇന്ധനം നിറയ്ക്കാതെ മടങ്ങിപ്പോകുകയും ചെയ്തു.