തിരുവനന്തപുരം: ഏറ്റുമാനൂര്‍ അസംബ്ലിമണ്ഡലത്തിലെ വിവിധ പദ്ധതികള്‍ക്ക് 28-05-2025 -ല്‍ മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന കിഫ്ബി ബോര്‍ഡ് യോഗം അനുമതി നല്‍കിയതായി മന്ത്രി വി.എന്‍.വാസവന്‍ അറിയിച്ചു.
ഏറ്റുമാനൂര്‍ റിംഗ് റോഡിന്റെ ആദ്യഘട്ടം ടാറിംഗ് ഉള്‍പ്പെടെയുള്ള നിര്‍മ്മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കുന്നതിനും കോട്ടയം ഇല്ലിക്കല്‍ കുമരകം റോഡ് വീതി കൂട്ടി ആധുനീകരിക്കുന്നതിനും മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ 122.59 കോടി രൂപയുടെ വികസന പദ്ധതികള്‍ക്കുമാണ് അനുമതി നല്‍കിയിരിക്കുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മഹാത്മാഗാന്ധി സര്‍വ്വകലാശാലയിലെ നാനോ ടെക്നോളജി ആന്‍ഡ് നാനോ സയന്‍സിന്റെ മികവിന്റെ കേന്ദ്രം സ്ഥാപിക്കുന്നതിന് 61.55 കോടി രൂപയും ആധുനിക ഗവേഷണപരിശീലനകേന്ദ്രം സ്ഥാപിക്കുന്നതിന് 26.07 കോടി രൂപയും അന്തര്‍ദ്ദേശീയ നിലവാരത്തിലുള്ള ഹോസ്റ്റലിനായി 34.97 കോടി രൂപയുമാണ് അനുവദിച്ചിരിക്കുന്നത്.
ഏറ്റുമാനൂര്‍ നഗരത്തിലെ തിരക്കുകള്‍ കുറയ്ക്കുന്നതിന് വിഭാവനം ചെയ്തതാണ് ഏറ്റുമാനൂര്‍ റിങ്ങ് റോഡ്. ഏറ്റുമാനൂരിലെ ട്രാഫിക്ക് തിരക്ക് കുറയ്ക്കുന്നതിന് വേണ്ടിയുള്ള പട്ടിത്താനം ബൈപാസ് യാഥാര്‍ത്ഥ്യമാക്കിയതിന് പിന്നാലെയാണ് 3.33 കിലോമീറ്റര്‍ ദൈര്‍ഘ്യം വരുന്ന തുമ്പശ്ശേരിപ്പടി മുതല്‍ പട്ടിത്താനം ജംഗ്ഷന്‍ വരെയുള്ള റിങ്ങ് റോഡ് പദ്ധതി മുന്നോട്ട് വച്ചത്. സര്‍ക്കാരിന്റെ ഭരണാനുമതി ലഭിച്ചിരുന്ന റോഡിന്റെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ ആരംഭിക്കുന്നതിനാണ് അനുമതി നല്‍കിയത്. തുമ്പശ്ശേരിപ്പടി മുതല്‍ ആരംഭിക്കുന്ന ആദ്യ റീച്ചിന്റെ നിര്‍മ്മാണമാണ് കിഫ്ബി തീരുമാനം അനുസരിച്ച് ആരംഭിക്കുക. ഇതിനൊപ്പം കോട്ടയം – കുമരകം റോഡിന്റെ ഇല്ലിക്കല്‍ മുതലുള്ള റോഡ് വികസനത്തിനു സ്ഥലം ഏറ്റെടുത്ത് റോഡ് നിര്‍മ്മാണം പൂര്‍ത്തീകരിക്കും.
വിനോദ സഞ്ചാര കേന്ദ്രമായ കുമരകത്തിന്റെ സമഗ്രമായ വികസനം മുന്നില്‍ കണ്ടു കൊണ്ടുള്ള റോഡ് വികസനം നടപ്പിലാക്കുകയാണ് ലക്ഷ്യം. ഉന്നത നിലവാരത്തില്‍ റോഡ് നിര്‍മാണം എത്രയും വേഗം പൂര്‍ത്തീകരിക്കും. ഇല്ലിക്കല്‍ പാലം മുതല്‍ കൈപ്പുഴമുട്ട് വരെയുള്ള 13.3 കിലോമീറ്റര്‍ റോഡ് വികസിപ്പിക്കുന്നതിനായി വീതി കുറവുള്ള സ്ഥലങ്ങളില്‍ ഭൂമി ഏറ്റെടുക്കുന്നതിനും നഷ്ടപരിഹാരം നല്‍കുന്നതിനും വേണ്ടി വരുന്ന തുക അനുവദിക്കും. പാടശേഖരം വരുന്ന രണ്ടര കിലോമീറ്ററോളം സ്ഥലത്ത് ഒഴികെ ബാക്കി എല്ലായിടത്തും റോഡിന് 13.6 മീറ്ററായിരിക്കും വീതി. വളവുകള്‍ കുറച്ച്, വെള്ളം കയറാത്ത രീതിയില്‍ റോഡ് നിര്‍മിക്കുന്നതിനാണ് തീരുമാനിച്ചിരുന്നതെന്ന് മന്ത്രി വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.