ഏറ്റുമാനൂർ: പാലാ റോഡിൽ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയ്ക്കു പിന്നിൽ കാറിടിച്ച് ഡ്രൈവർക്ക് പരിക്ക്. പരിക്കേറ്റ ഡ്രൈവറെ തെള്ളകത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയായിരുന്നു അപകടം. പാലായിൽ നിന്നും ഏറ്റുമാനൂർ ഭാഗത്തേയ്ക്കു പോകുകയായിരുന്നു കാർ. ഈ സമയം കിസ്മത്ത് പടിയിൽ വച്ച് നിയന്ത്രണം നഷ്ടമായ കാർ റോഡരികിൽ നിർത്തിയിട്ടിരുന്ന ലോറിയിൽ ഇടിക്കുകയായിരുന്നു. റോഡിന്റെ എതിർദിശയിൽ നിർത്തിയിട്ടിരുന്ന ലോറിയിലാണ് കാർ ഇടിച്ചതെന്നു പൊലീസ് ഉദ്യോഗസ്ഥർ പറഞ്ഞു. അപകടത്തിൽ മുൻ ഭാഗം പൂർണമായും തകർന്ന കാറിൽ നിന്നും പൊലീസും നാട്ടുകാരും ചേർന്നാണ് ഡ്രൈവറെ പുറത്തെത്തിച്ചത്. അപകടത്തെ തുടർന്ന് അരമണിക്കൂറോളം പാലാ റോഡിൽ ഗതാഗതവും തടസപ്പെട്ടു.