ഏറ്റുമാനൂർ: അതിരമ്പുഴയില്‍ ശനിയാഴ്ച രാത്രിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് വ്യാപാര സ്ഥാപനങ്ങള്‍ അടിച്ചു തകർത്ത കഞ്ചാവ് സംഘത്തിലെ നാലുപേർ അറസ്റ്റില്‍. ഇവരില്‍ മൂന്നു പേരെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. അതിരമ്ബുഴ നാല്‍പ്പാത്തിമല വടക്കത്തുപറമ്ബില്‍ ആദർശ്, കോട്ടമുറി പ്രിയദർശിനി കോളനി മൂഴിപറമ്ബില്‍ നിഖില്‍, പട്ടിത്താനം രവീന്ദ്രമന്ദിരം ശ്രീരാജ് എന്നിവരെയാണ് റിമാൻഡ് ചെയ്തത്. അതിരമ്ബുഴ ടൗണ്‍ ജംഗ്ഷനില്‍ പ്രവർത്തിക്കുന്ന അഞ്ജലി സ്റ്റോഴ്‌സ്, മൊബൈല്‍ കെയർ എന്നീ സ്‌ഥാപനങ്ങളിലാണ് ശനിയാഴ്ച രാത്രിയില്‍ ആക്രമണം നടന്നത്. ആക്രമണത്തില്‍ മൊബൈല്‍ കെയറിലെ ജീവനക്കാരായ രണ്ടു പേർക്ക് പരിക്കേറ്റിരുന്നു.ഇന്നലെ മന്ത്രി വി.എൻ. വാസവനും ഡിസിസി പ്രസിഡന്‍റ് നാട്ടകം സുരേഷും സംഭവസ്ഥലം സന്ദർശിച്ചു. മന്ത്രിയുടെ നിർദേശത്തെത്തുടർന്ന് ഏറ്റുമാനൂർ സ്റ്റേഷൻ എസ്‌എച്ച്‌ഒ അൻസലിന്‍റെ നേതൃത്വത്തില്‍ പോലീസ് അന്വേഷണം ഊർജിതമാക്കി. സംഭവം നടന്ന ദിവസം തന്നെ മൂന്നു പേരെ പോലീസ് സാഹസികമായി പിടികൂടിയിരുന്നു.മറ്റൊരാളെ ഇന്നലെയാണ് പിടികൂടിയത്. രണ്ടു പേരെക്കൂടി ഇനിയും പിടികൂടാനുണ്ട്. ഇവരില്‍ ഒരാള്‍ പ്രായപൂർത്തിയാകാത്ത ആളാണ്. ഇവർക്കായുള്ള തെരച്ചിലിലാണ് പോലീസ്.വ്യാപാര സ്‌ഥാപനങ്ങള്‍ക്കുനേരേയുണ്ടായ ആക്രമണത്തില്‍ വലിയ ആശങ്കയിലാണ് അതിരമ്ബുഴ നിവാസികള്‍. കുറ്റക്കാർക്കെതിരേ ശക്‌തമായ നടപടി വേണമെന്നു നാട്ടുകാരും വ്യാപാരികളും ആവശ്യപ്പെടുന്നു. കഞ്ചാവ് മാഫിയയില്‍ പ്രായപൂർത്തിയാകാത്ത കുട്ടികളുടെ പങ്കാളിത്തം ഏതാനും നാളുകളിലായി വർധിച്ചുവരുന്നതില്‍ ആശങ്കയിലാണ് നാട്ടുകാർ. മയക്കുമരുന്നു സംഘങ്ങളില്‍ ഇതര സംസ്ഥാനക്കാരായ കുട്ടികളുടെ പങ്കാളിത്തമുണ്ടാകുന്നതും ആശങ്കയുണർത്തുന്നുണ്ട്.