ഏറ്റുമാനൂർ: പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയത് അഭിഭാഷകയും രണ്ട് മക്കളുമെന്ന് പൊലീസ്. രണ്ടു പേരെയും നാട്ടുകാർ ചേർന്ന് രക്ഷപെടുത്തി കോട്ടയം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചിട്ടുണ്ട്. മൂന്നു പേരുടെയും നില ഗുരുതരമാണെന്ന് പൊലീസും ആശുപത്രി അധികൃതരും അറിയിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ശേഷം ഏറ്റുമാനൂർ പേരൂർ കണ്ണമ്പുരക്കടവിലാണ് ഒഴുകിയെത്തുന്ന നിലയിൽ കുട്ടികളെ ആദ്യം കണ്ടത്. ഇതോടെ നാട്ടുകാർ ചേർന്ന് തിരച്ചിൽ നടത്തുകയും, രണ്ടു കുട്ടികളെയും രക്ഷിക്കുകയായിരുന്നു. ഇവരെ ആദ്യം കാരിത്താസ് ആശുപത്രിയിൽ എത്തിച്ചു. ഈ സമയത്ത് തന്നെയാണ് അമ്മയെ ആറ്റിറമ്പിൽ ആറുമാനൂർ ഭാഗത്ത് നിന്നും നാട്ടുകാർ തന്നെ കണ്ടെത്തിയത്. തുടർന്ന് ഇവരെയും ആശുപത്രിയിൽ എത്തിച്ചു. ഇതിനു ശേഷം നടത്തിയ പരിശോധനയിലാണ് കണ്ണമ്പുര ഭാഗത്ത് നിന്നും ഇവരുടേതെന്നു കരുതുന്ന സ്‌കൂട്ടർ കണ്ടെത്തിയത്. സ്‌കൂട്ടറിൽ അഭിഭാഷകയുടെ ചിഹ്നം അടങ്ങിയ സ്റ്റിക്കർ പതിച്ചിരുന്നു. നീറിക്കാട് സ്വദേശിനിയായ യുവതിയാണ് കുടുംബ പ്രശ്‌നങ്ങളെ തുടർന്ന് ജീവനൊടുക്കാൻ ശ്രമിച്ചതെന്നാണ് വിവരം. സംഭവം അറിഞ്ഞ് ഏറ്റുമാനൂർ, അയർക്കുന്നം പൊലീസ് സംഘം സ്ഥലത്ത് എത്തിയിട്ടുണ്ട്.
ഏറ്റുമാനൂർ പേരൂരിൽ മീനച്ചിലാറ്റിൽ ചാടിയത് അഭിഭാഷകയും രണ്ട് മക്കളും; മൂന്നു പേരും ഗുരുതരാവസ്ഥയിൽ കോട്ടയം കാരിത്താസ് ആശുപത്രിയിൽ; ജീവനൊടുക്കാൻ ശ്രമിച്ചത് കുടുംബ പ്രശ്‌നങ്ങളെ തുടർന്നെന്ന് സൂചന
