തിരുവനന്തപുരം: എക്സൈസ് മന്ത്രി എം.ബി. രാജേഷ് വിദേശസന്ദർശനത്തിന് യാത്ര തിരിച്ചു. ഫ്രാൻസ്, ബെല്‍ജിയം, ഓസ്ട്രിയ തുടങ്ങിയ രാജ്യങ്ങള്‍ സന്ദർശിക്കുമെന്നാണ് റിപ്പോർട്ട്.നേരത്തെ, നിശ്ചയിച്ച പ്രകാരമുള്ള സ്വകാര്യസന്ദർശനമാണിത്. മദ്യനയം മാറ്റാൻ സർക്കാരിന് പിരിവ് നല്‍കണമെന്ന ബാർ ഉടമയുടെ ശബ്ദസന്ദേശം പുറത്തുവന്ന് വിഷയം ചൂടുപിടിച്ചിരിക്കെയാണ് മന്ത്രിയുടെ വിദേശയാത്ര. സർക്കാരില്‍നിന്നും അനുകൂല തീരുമാനം ഉണ്ടാകണമെങ്കില്‍ രണ്ടരലക്ഷം രൂപവീതം നല്‍കണമെന്ന് ആവശ്യപ്പെട്ട് ഫെഡറേഷൻ ഓഫ് കേരള ഹോട്ടല്‍സ് അസോസിയേഷൻ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദസന്ദേശമാണ് പുറത്തുവന്നത്.
ആരോപണങ്ങള്‍ക്കെതിരേ അന്വേഷണം ആവശ്യപ്പെട്ട് മന്ത്രി ഡി.ജി.പിക്ക് പരാതി നല്‍കിയിരുന്നു. അന്വേഷണ സംഘത്തെ ശനിയാഴ്ച പ്രഖ്യാപിക്കുമെന്നാണ് കരുതുന്നത്. ഡ്രൈഡേ പിൻവലിക്കാനോ ബാറുകളുടെ സമയം കൂട്ടാനോ സർക്കാർ ആലോചിച്ചിട്ടുപോലുമില്ല. എക്സൈസ് വകുപ്പ് ആലോചിക്കാത്ത വിഷയമാണ് ഇതെല്ലാമാണെന്നും അദ്ദേഹം വ്യക്തമാക്കി.