കോട്ടയം : കോട്ടയം മെഡിക്കൽ കോളജിൽ ശസ്ത്രക്രിയ നേരത്തെ ആക്കാൻ ആരോഗ്യമന്ത്രി ഇടപെട്ടു എന്ന് ആരോപിച്ച് രോഗിയുടെ അച്ഛനെ ന്യൂറോസർജൻ അസഭ്യം പറഞ്ഞതായി പരാതി.’പെട്ടെന്ന് പോകണോ പെട്ടിയിൽ പോകണോയെന്ന് ഞങ്ങൾ തീരുമാനിക്കും’ മെഡിക്കൽ കോളജ് ആശുപത്രിയിൽ സ്പൈനൽ കോഡിനു പരുക്കേറ്റു ചികിത്സയിൽ കഴിയുന്ന മകൻ്റെ ശസ്ത്രക്രിയ അൽപം വേഗത്തിലാക്കണമെന്ന് അപേക്ഷിച്ച അച്ഛനോട് ഡോക്ടർ പറഞ്ഞ വാക്കുകളാണിത്.പത്തനംതിട്ട തണ്ണിത്തോട് സ്വദേശി ബിഎസ്സി നഴ്സിംഗ് മൂന്നാം വർഷ വിദ്യാർത്ഥി സജിത്ത് സതീഷ് ആണ് കർണാടകയിലെ ചിത്രദുർഗയിൽ ഹോസ്റ്റൽ കെട്ടിടത്തിൽനിന്നു വീണു സ്പൈനൽ കോഡിനു പരുക്കേറ്റിരുന്നു.
ഏപ്രിൽ രണ്ടാം തീയതി ആണ് കോട്ടയം മെഡിക്കൽ കോളജിൽ കുട്ടിയെ എത്തിക്കുന്നത്.ഒരു മാസത്തിനുള്ളിൽ ശസ്ത്രക്രിയയും വിശ്രമവുമാണ് അധികൃതർ നിർദേശിച്ചത്. എന്നാൽ കുട്ടിയുടെ വീട്ടിലെ സാമ്പത്തിക അവസ്ഥയും,അവസാന വർഷ വിദ്യാർത്ഥി ആയതുകൊണ്ട് ക്ലാസുകൾ നഷ്ടമാക്കുകയും ജൂണിൽ സജിത്തിന് പരീക്ഷ എഴുതാൻ കഴിയാതെ വരികയും ചെയ്യും. ഇതോടെയാണു രോഗിയുടെ ബന്ധു കൂടിയായ ആരോഗ്യമന്ത്രിയെ വിവരം അറിയിക്കുന്നത്.മന്ത്രിയുടെ ഓഫിസ് മുഖേന മെഡിക്കൽ കോളജ് സൂപ്രണ്ടിനെ വിവരം ധരിപ്പിച്ചു.ശസ്ത്രക്രിയ വേഗത്തിലാക്കണമെന്ന് ന്യൂറോ സർജറി വിഭാഗത്തോട് സൂപ്രണ്ട് നിർദേശിച്ചു.എന്നാൽ മന്ത്രി നേരിട്ട് വിളിച്ചു എന്ന കാരണത്താൽ ന്യൂറോ സർജൻ ആയ ഡോ.ഫിലിപ്പ് വളരെ മോശമായി സംസാരിക്കുകയും അസഭ്യം പറയുകയും ചെയ്തു എന്നാണ് കുട്ടിയുടെ പിതാവിന്റെ പരാതി.’ശസ്ത്രക്രിയ എനിക്ക് തോന്നുമ്പോൾ ചെയ്യുമെന്നും അല്ലെങ്കിൽ മന്ത്രിയോടോ സൂപ്രണ്ടിനോടോ വകുപ്പ് മേധാവിയോടോ വന്നു ചെയ്യാൻപറയൂ. ഞാൻ ചെയ്യണമെങ്കിൽ എനിക്കു തോന്നണം. അല്ലെങ്കിൽ ശസ്ത്രക്രിയയ്ക്കു കിടക്കുന്നതിൽ വല്ലവന്മാരും ചാകട്ടെ’ എന്നായിരുന്നു ഡോക്ടറുടെ വാക്കുകളെന്നും പിതാവ് പറയുന്നു.മോശം പെരുമാറ്റത്തെത്തുടർന്ന് സതീഷ് ഡിസ്‌ചാർജ് ഷീറ്റ് എഴുതിവാങ്ങി മകനുമായി പരുമലയിലെ സ്വകാര്യ ആശുപത്രിയിലേക്ക് പോയി. ഇന്നലെ ശസ്ത്രക്രിയ നടന്നു. പെയിന്റിങ് തൊഴിലാളിയായ സതീഷിനു ജോലിക്കിടെ വീണ് നട്ടെല്ലിനു പരുക്കേറ്റിരുന്നു. ഒരു മാസം മുൻപാണ് നടക്കാൻ തുടങ്ങിയത്. നിർധനകുടുംബമാണ് ഇവരുടേത്. സൂപ്രണ്ടിനും മന്ത്രിക്കും കുടുംബം പരാതി നൽകി.