ഏറ്റുമാനൂർ : ഇൻസ്റ്റാഗ്രാമിൽ യുവതിയുടെ പേരിൽ വ്യാജ അക്കൗണ്ട് ഉണ്ടാക്കി അശ്ലീല സന്ദേശങ്ങൾ അയക്കുന്നതായി പരാതി. ഏറ്റുമാനൂർ പട്ടിത്താനം സ്വദേശിയാണ് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിരിക്കുന്നത്. വിവാഹം കഴിഞ്ഞ് ഭർത്താവുമായി കഴിയുന്ന യുവതിയുടെ ഫോണിലേക്കാണ് ഇൻസ്റ്റാഗ്രാമിൽ വ്യാജ അക്കൗണ്ട് നിർമ്മിച്ചു യുവതിയുടെ പേരും, ഫോട്ടോയും ഇട്ടു അശ്ലീല മെസേജുകൾ പ്രചരിപ്പിക്കുന്നത്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഇത്തരത്തിൽ സോഷ്യൽ മീഡിയ വഴി 19 വയസ്സുള്ള യുവതിയെ അപകീർത്തിപ്പെടുത്തുന്ന രീതിയിൽ അശ്ലീല പരാമർശങ്ങൾ നടത്തുകയാണെന്ന് പരാതിയിൽ പറയുന്നു. സംഭവുമായി ബന്ധപ്പെട്ട് ഏറ്റുമാനൂർ പൊലീസ് സ്റ്റേഷനിൽ യുവതിയുടെ പിതാവ് പരാതി നൽകി. സ്റ്റേഷനിൽ പരാതി നൽകാനെത്തിയ സമയത്തും ഫോണിൽ അശ്ലീല കമന്റുകൾ വന്നതായി യുവതിയുടെ പിതാവ് പറഞ്ഞു. പരാതി ജില്ലാ സൈബർ സെല്ലിന് പൊലീസ് കൈമാറി.