പനച്ചിക്കാട്: സ്ഥല പരിമിതിയുള്ളവർക്ക് ടെറസ്സിലും മുറ്റത്തും പച്ചക്കറി കൃഷി ചെയ്യുവാൻ വ്യത്യസ്ത പദ്ധതി നടപ്പിലാക്കി പനച്ചിക്കാട് ഗ്രാമ പഞ്ചായത്ത് . 6 ലക്ഷം രൂപ വകയിരുത്തിയ പദ്ധതിയിൽ , ഗ്രാമ സഭ തെരഞ്ഞെടുത്ത 299 പേർക്കാണ് പ്രയോജനം ലഭിക്കുന്നത് . ഹൈ ഡെൻസിറ്റി പോളി എത്തിലിൻ കൊണ്ട് നിർമ്മിച്ച 10 ചട്ടികളും ചാണകപ്പൊടി, ചകിരിച്ചോറ് , എല്ലുപൊടി , വേപ്പിൻപിണ്ണാക്ക്, ട്രൈക്കോഡെർമ , ജൈവ കീടനാശിനി എന്നിവയടങ്ങിയ പോട്ടിങ്ങ് മിശ്രിതവും പച്ചക്കറി തൈകളുമടങ്ങിയ ഒരു യൂണിറ്റിന് 2000 രൂപയാണ് ചിലവു വരുന്നത് . 500 രൂപ മാത്രമാണ് ഗുണഭോക്താവ് അടയ്ക്കേണ്ട വിഹിതം . പദ്ധതിയുടെ വിതരണോദ്ഘാടനം പഞ്ചായത്ത് പ്രസിഡന്റ് ആനി മാമൻ നിർവ്വഹിച്ചു.വൈസ് പ്രസിഡന്റ് റോയി മാത്യു അദ്ധ്യക്ഷത വഹിച്ചു . സ്ഥിരം സമിതി അദ്ധ്യക്ഷ ജീ നാ ജേക്കബ് കൃഷി ഓഫീസർ ശിൽപ്പ ബാലചന്ദ്രൻ , അസിസ്റ്റന്റ് കൃഷി ഓഫീസർ കെ തമ്പി , പഞ്ചായത്തംഗങ്ങളായ സുമാ മുകുന്ദൻ , ബിനിമോൾ സനിൽകുമാർ എന്നിവർ പ്രസംഗിച്ചു.