തിരുവല്ല: വേനൽ മഴയിൽ കനത്ത കൃഷിനാശമുണ്ടായതിനെ തുടർന്ന് കർഷകൻ തൂങ്ങി മരിച്ചു. തിരുവല്ലയിലാണ് നെൽപ്പാടത്ത് കർഷകനെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. തിരുവല്ല നിരണം സ്വദേശി രാജീവി (49)നെയാണ് തിങ്കളാഴ്ച രാവിലെ പാടശേഖരത്തിനു സമീപത്ത് തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ബാങ്കിൽ നിന്നും വായ്പയെടുത്താണ് രാജീവ് ഇക്കുറി കൃഷിയിറക്കിയിരുന്നത്. കഴിഞ്ഞ ദിവസമുണ്ടായ അപ്രതീക്ഷിത വേനൽ മഴയിൽ കൃഷി നശിച്ചിരുന്നു. ഇതാകാം മരണ കാരണമെന്നാണ് സംശയിക്കുന്നത്.
തിങ്കളാഴ്ച രാവിലെ രാജീവിനെ വീട്ടിൽ കാണാതെ വന്നതോടെ വീട്ടുകാർ നടത്തിയ തിരച്ചിലിലാണ് പാടശേഖരത്തിനു സമീപത്തു തൂങ്ങി മരിച്ച നിലയിൽ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തിയത്. തുടർന്ന്, ബന്ധുക്കൾ വിവരം തിരുവല്ല പൊലീസിൽ അറിയിക്കുകയായിരുന്നു. പൊലീസ് സ്ഥലത്ത് എത്തി ഇൻക്വസ്റ്റ് അടക്കമുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
വർഷങ്ങളായി കാർഷിക വൃത്തി ചെയ്താണ് രാജീവ് ജീവിച്ചിരുന്നത്. കഴിഞ്ഞ തവണ കൃഷി നഷ്ടമായതിനെ തുടർന്ന് വൻ ബാധ്യതയാണ് രാജീവിനുണ്ടായിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇതേ തുടർന്ന് രാജീവ് കടുത്ത സാമ്പത്തിക പ്രതിസന്ധിയിലായിരുന്നു. ഇക്കുറി ബാങ്കിൽ നിന്നും വായ്പയെടുത്താണ് കൃഷിയിറക്കിയത്. നല്ലവിളവ് ലഭിച്ചാൽ രണ്ടു തവണത്തെയും കടം വീട്ടാമെന്നായിരുന്നു രാജീവിന്റെ പ്രതീക്ഷ.
എന്നാൽ, അപ്രതീക്ഷിതമായി എത്തിയ കനത്ത മഴയിൽ രാജീവിന്റെ കൃഷിനശിക്കുകയായിരുന്നു. എട്ട് ഏക്കറിലാണ് രാജീവ് നെൽകൃഷി ഇറക്കിയിരുന്നത്. ഈ കൃഷി മുഴുവനും വേനൽ മഴയിൽ നശിക്കുകയായിരുന്നു. ഇതിൽ രാജീവ് ദുഖിതനുമായിരുന്നു. ഇതാണ് ആത്മഹത്യയ്ക്കു കാരണമെന്നാണ് പ്രാഥമിക നിഗമനം.