തിരുവനന്തപുരം: കർഷക കോൺഗ്രസിൽ പിരിവ് വിവാദം കൊടുമ്പിരിക്കൊള്ളുന്നു. സംസ്ഥാന പ്രസിഡന്റിനും സെക്രട്ടറിയ്ക്കും എതിരെ പരാതിയുമായാണ് ഒരു വിഭാഗം രംഗത്ത് എത്തിയിരിക്കുന്നത്. കർഷക കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് മാജുഷ് മാത്യുവും സംസ്ഥാന സെക്രട്ടറി കെ എ എബ്രഹാമും ചേർന്ന് വ്യാപക പിരിവ് നടത്തുന്നതായാണ് കെ.പി.സിസി പ്രസിഡന്റിനും പ്രതിപക്ഷ നേതാവിനും കോൺഗ്രസ് സംസ്ഥാന നേതൃത്വത്തിനും പരാതി നൽകിയിരിക്കുന്നത്.
സംസ്ഥാനത്തെ പല വ്യവസായികളിൽ നിന്നും വൻ തുക അനധികൃതമായി പിരിവ് നടത്തുന്നതായാണ് പരാതിയിൽ പറയുന്നത്. കോട്ടയം ജില്ലയിലെ ഒരു വ്യവസായിയോട് അഞ്ചു ലക്ഷം രൂപ ആവശ്യപ്പെട്ടതായും വിവരം അറിഞ്ഞ ജില്ലാ കോൺഗ്രസ് നേതൃത്വം ഇടപെട്ട് പണം നൽകുന്നത് തടഞ്ഞതായും പരാതിയുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
കർഷക കോൺഗ്രസ്സിന്റെ കോട്ടയം ജില്ലാ കമ്മറ്റി മൂന്നു തവണ ഈ പിരിവിനെക്കുറിച്ച് അന്വേഷണം നടത്തി നടപടി സ്വീകരിക്കണമെന്ന് പ്രമേയം പാസാക്കി മിനിട്‌സിൽ രേഖപ്പെടുത്തിട്ടിട്ടുള്ളതാണെന്നാണ് പരാതിയിൽ പറയുന്നത്. സെപ്റ്റംബർ 15 ന് ചേർന്ന ജില്ലാ കമ്മറ്റിയിലും ഈ വിഷയം ചർച്ച ചെയ്തിരുന്നതായും കർഷക കോൺഗ്രസിലെ ഒരു വിഭാഗം നേതാക്കൾ പറയുന്നു.
പണപ്പിരിവു നടത്തിയ കെ എ എബ്രഹാമിനെതിരെയും പിരിക്കാൻ നിർദേശം നൽകിയവർക്കെതിരെയും അന്വേഷണം നടത്തി നടപടി സ്വീകരിക്കാൻ കെ പി സി സി ക്കും ഹൈക്കമാന്റിനും കർഷക കോൺഗ്രസ് നേതൃത്വം തന്നെ ഔദ്യോഗികമായി പരാതി നൽകാനും തീരുമാനിച്ചിട്ടുള്ളതാണ്. അതുപോലെ തന്നെ പിരിവ് സംബന്ധിച്ചു പരാതി ഉയർന്ന സാഹചര്യത്തിൽ കെ എ എബ്രഹാമിനെ കോട്ടയം ജില്ലാ കമ്മറ്റിയിലോ ജില്ലയിലെ പരിപാടികളിലോ പങ്കെടുപ്പിക്കില്ല എന്ന് മിനിട്‌സിൽ രേഖപ്പെടുത്തിയിട്ടുള്ളതാണെന്നും ഒരു വിഭാഗം നേതാക്കൾ പറയുന്നു.
ഇത്തരം നടപടികൾ കർഷക കോൺഗ്രസ്സിനും കോൺഗ്രസ് പാർട്ടിക്കും സമൂഹത്തിൽ വലിയ നാണക്കേടും അപമതിപ്പുംക്ഷീണവും ഉണ്ടാക്കും, ആയതിനാൽ ഈ പരാതിയെക്കുറിച്ച് വിശദമായി അന്വേഷണം നടത്തി സംഘടനാപരമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് പരാതി നൽകിയിരിക്കുന്നത്.